മുൻ ഇറ്റാലിയൻ പ്രധാനമന്ത്രിയും എ.സി മിലാൻ ഉടമയും ആയിരുന്ന നിലവിൽ ഇറ്റാലിയൻ സീരി എ ക്ലബ് മോൻസയുടെ ഉടമയും ആയ സിൽവിയോ ബെർലുസ്കോണി അന്തരിച്ചു. ഇറ്റലിയിലെ ഏറ്റവും വലിയ കോടീശ്വരൻമാരിൽ ഒരാൾ ആയ ബെർലുസ്കോണി മീഡിയ രംഗത്ത് ആണ് ഏറെ പ്രസിദ്ധനായത്. നാലു തവണ ഇറ്റാലിയൻ പ്രധാനമന്ത്രി ആയിരുന്ന അദ്ദേഹം പ്രായാധിക്യം കാരണം 86 മത്തെ വയസ്സിൽ ആണ് മരണത്തിനു കീഴടങ്ങിയത്. പല തീവ്ര വലതുപക്ഷ വിവാദ നിലപാടുകൾ കൊണ്ടും അഴിമതി ആരോപണം കൊണ്ടും ഒക്കെ നിരവധി വിവാദങ്ങളിൽ പെട്ട ആൾ കൂടിയാണ് ബെർലുസ്കോണി.

1986 മുതൽ 2017 വരെ 31 കൊല്ലം എ.സി മിലാൻ ഉടമ ആയിരുന്ന ബെർലുസ്കോണിയുടെ കീഴിൽ മിലാൻ 5 ചാമ്പ്യൻസ് ലീഗ് കിരീടങ്ങളും, 8 ഇറ്റാലിയൻ സീരി എ കിരീടങ്ങളും അടക്കം 29 കിരീടങ്ങൾ ആണ് നേടിയത്. 2017 ൽ മിലാൻ ലീ മാനേജ്‌മെന്റിന് വിറ്റ ശേഷം 2018 ൽ സീരി സി ക്ലബ് ആയ മോൻസയെ അദ്ദേഹം സ്വന്തമാക്കി. തുടർന്ന് ക്ലബിനെ ഈ വർഷം ഇറ്റാലിയൻ സീരി എയിൽ എത്തിക്കാൻ അദ്ദേഹത്തിന് ആയി. ചരിത്രത്തിൽ ആദ്യമായി ഇറ്റാലിയൻ സീരി എയിൽ കളിച്ച മോൻസ ഈ വർഷം 11 മത് ആയാണ് ലീഗ് അവസാനിപ്പിച്ചത്.














