ഡാനിയേൽ ഡി റോസി റോമയുടെ പരിശീലകനായി അടുത്ത സീസണിലും തുടരുമെന്ന് ക്ലബ് ഉടമകളായ ഡാനും റയാൻ ഫ്രീഡ്കിനും പ്രഖ്യാപിച്ചു. ജോസെ മൗറീനോ പോയപ്പോൾ താൽക്കാലിക പരിശീലകനായി എത്തിയ ഡി റോസി ഇതുവരെ റോമയെ മികച്ച രീതിയിലാണ് നയിച്ചത്.
“ഇന്നലെ ഉച്ചതിരിഞ്ഞ് ഡാനിയേൽ ഡി റോസിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം, ഈ സീസണിന് ശേഷവും ഭാവിയിലും അദ്ദേഹം എഎസ് റോമയുടെ ഹെഡ് കോച്ചായി തുടരുമെന്ന് പ്രഖ്യാപിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്,” ഫ്രെഡ്കിൻസ് പ്രസ്താവനയിൽ പറഞ്ഞു.
മിലാനെതിരായ യൂറോപ്പ ലീഗ് ക്വാർട്ടർ ഫൈനൽ രണ്ടാം പാദം നടക്കുന്നതിന് മുന്നോടിയായാണ് പ്രഖ്യാപനം. ഡി റോസി റോമയുടെ പരിശീലകനായി 16 കളികളിൽ നിന്ന് മൂന്ന് സമനിലകളും രണ്ട് തോൽവികളുമായി 11 വിജയങ്ങളുമാണ് ഇതുവരെ നേടിയത്. മുൻ ഇറ്റലി ഇൻ്റർനാഷണൽ താരം ചുമതല ഏറ്റെടുക്കുമ്പോൾ സീരി എ ടേബിളിൽ റോമ ഒമ്പതാം സ്ഥാനത്തായിരുന്നു, അവർ ഇപ്പോൾ അഞ്ചാം സ്ഥാനത്താണ് ഉള്ളത്.