കിരീടം എ സി മിലാനിൽ നിന്ന് അകലുന്നു

20210403 184724

എ സി മിലാന്റെ സീരി എ കിരീട സ്വപ്നം അകലുന്നു. ഒരു മത്സരത്തിൽ കൂടെ പോയിന്റ് നഷ്ടപ്പെടുത്തിയതോടെ ഇന്റർ മിലാനിൽ നിന്ന് ബഹുദൂരം പിറകിലേക്ക് പോവുകയാണ് എ സി മിലാൻ. അവസാന കുറച്ചു കാലമായി മോശം ഫോമിൽ കളിക്കുന്ന എ സി മിലാൻ ഇന്ന് സീരി എയിൽ സാമ്പ്ഡോറിയയോടാണ് സമനില വഴങ്ങിയത്. ഇന്ന് കളിയുടെ അവസാന അര മണിക്കൂറോളം സാമ്പ്ഡോറിയ പത്തുപേരുമായി കളിച്ചിട്ടും എ സി മിലാന് വിജയിക്കാൻ ആയില്ല.

മത്സരത്തിന്റെ 57ആം മിനുട്ടിൽ വെറ്ററൻ കാരം കാഗ്ലിയെരല്ല ആണ് സാമ്പ്ഡോറിയക്ക് ലീഡ് നൽകിയത്. എന്നാൽ 59ആം മിനുട്ടിൽ അഡ്രിയൻ സിൽവ ചുവപ്പ് കണ്ട് പുറത്തു പോയതോടെ സാമ്പ്ഡോറിയ ഡിഫൻസിലേക്ക് നീങ്ങി. എങ്കിലും 87ആം മിനുട്ടിൽ മാത്രമാണ് മിലാന് സമനില ഗോൾ നേടാൻ ആയത്. പീറ്റർ ഹോഗിന്റെ വക ആയിരുന്നു സമനില ഗോൾ.

ഈ സമനിലയോടെ 60 പോയിന്റുമായി രണ്ടാം സ്ഥാനത്ത് നിൽക്കുകയാണ് മിലാൻ. ഒന്നാമതുള്ള ഇന്ററിന് 65 പോയിന്റാണ് ഉള്ളത്. ഇന്റർ രണ്ട് മത്സരങ്ങൾ കുറവാണ് കളിച്ചത്. ഇപ്പോൾ മിലാന്റെ രണ്ടാം സ്ഥാനവും ചാമ്പ്യൻസ് ലീഗ് യോഗ്യതയും ഒക്കെ ആശങ്കയിലായിരിക്കുകയാണ്.