ഖത്തർ ലോകകപ്പ്: ഇന്ന് ദോഹയിൽ ഗ്രൂപ്പ് എയിൽ നടക്കുന്ന മത്സരം ആദ്യ പകുതിക്ക് പിരിയുമ്പോൾ നെതർലന്റ്സും സെനഗലും ഗോൾ രഹിത സമനിലയിൽ നിൽക്കുന്നു.

ഇന്ന് ദോഹയിൽ അൽ തുമാമ സ്റ്റേഡിയത്തിൽ ആദ്യ പകുതിയിൽ ഇരു ടീമുകളും ഒപ്പത്തിന് ഒപ്പം നിൽക്കുന്നതാണ് കണ്ടത്. നെതർലന്റ്സിന്റെ ആധിപത്യം പ്രതീക്ഷിച്ചവർ ആഫ്രിക്കൻ ചാമ്പ്യന്മാരെ വില കുറച്ച് കണ്ടു പോയെന്ന് പെട്ടെന്നു തന്നെ തിരിച്ചറിഞ്ഞു കാണും. ഇന്ന് മത്സരത്തിന്റെ 9ആം മിനുട്ടിൽ സെനഗലിൽ നിന്നാണ് ആദ്യ ഗോൾ ശ്രമം വന്നത്. സാർ എടുത്ത ഇടം കാലൻ ഷോട്ട് ഗോൾ പോസ്റ്റിന് മുകളിലൂടെ പുറത്ത് പോയി.
മറുവശത്ത് നെതർലന്റ്സ് നല്ല അവസരങ്ങൾ സൃഷ്ടിച്ചു എങ്കിലും അവരുടെ ഫൈനൽ ബോളുകൾ ദയനീയമായത് അവസരങ്ങൾ എവിടെയും എത്താതിരിക്കാൻ കാരണമായി. 24ആം മിനുട്ടിൽ ഒരിക്കൽ കൂടെ സാറിന്റെ നല്ല ഷോട്ട് കാണാൻ ആയി. ഇത്തവണ വാൻ ഡൈകിന്റെ തല കൊണ്ടുള്ള ബ്ലോക്ക് നെതർലന്റ്സിനെ രക്ഷിച്ചു.

ഇരു ടീമുകളും ആദ്യ പകുതിയിൽ കാര്യമായി ഗോൾ കീപ്പർമാരെ പരീക്ഷിച്ചില്ല എന്ന് പറയാം. ടാർഗറ്റിലേക്ക് എന്ന് പറയാൻ മാത്രം ഒരു ഷോട്ട് ടാർഗറ്റിലേക്ക് വന്നതുമില്ല. ആകെ ഒരു ഷോട്ട് ആണ് ടാർഗറ്റിലേക്ക് വന്നത്. രണ്ടാം പകുതിയിൽ കുറച്ചു കൂടെ തുറന്ന ഒരു പോരാട്ടം പ്രതീക്ഷിക്കാം.














