ഇംഗ്ലണ്ടിന് ആയി ലോകകപ്പിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ താരമായി ജൂഡ് ബെല്ലിങ്ഹാം

Judebellingham

ഇംഗ്ലണ്ടിന് ആയി ലോകകപ്പിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ താരമായി ബൊറൂസിയ ഡോർട്ട്മുണ്ട് താരം ജൂഡ് ബെല്ലിങ്ഹാം. ഖത്തർ ലോകകപ്പിൽ ഇറാന് എതിരെ ഹെഡറിലൂടെ ആദ്യ ഗോൾ നേടിയ ജൂഡിനു വെറും 19 വയസ്സും 145 ദിവസവും ആണ് പ്രായം. 1998 ലോകകപ്പിൽ 18 വയസ്സും 190 ദിവസവും പ്രായമുള്ളപ്പോൾ അർജന്റീനക്ക് എതിരെ ഗോൾ നേടിയ മൈക്കിൾ ഓവൻ ആണ് ലോകകപ്പിൽ ഇംഗ്ലണ്ടിന് ആയി ഗോൾ നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരം.

അതേസമയം മത്സരത്തിൽ രണ്ടാം ഗോൾ നേടിയ 21 വയസ്സും 77 ദിവസവും പ്രായമുള്ള ബുകയോ സാക ഇംഗ്ലണ്ടിന് ആയി ലോകകപ്പിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ മൂന്നാമത്തെ താരമായും മാറി. 21 വയസ്സിനു താഴെയുള്ള രണ്ടു താരങ്ങൾ ലോകകപ്പിൽ ഇംഗ്ലണ്ടിന് ആയി ഗോൾ നേടുന്നത് ഇത് ആദ്യമായാണ്. 1966 ൽ ജർമ്മൻ ഇതിഹാസതാരം ഫ്രാൻസ് ബെക്കൻബോവറിന് ശേഷം തന്റെ ആദ്യ ലോകകപ്പ് മത്സരത്തിൽ രണ്ടു ഗോളുകൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരവും സാകയാണ്.