കെ ലീഗിൽ ഇനി സെമിഫൈനൽ ആവേശം, ഒന്നും രണ്ടും എത്തി യു.എഫ്.സിയും വി.സി.സിയും

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

കെ ലീഗിൽ ലീഗ് ഘട്ടങ്ങൾക്ക് അവസാനം. 3 ടീമുകൾ ഒരേ പോയിന്റുമായി ലീഗ് അവസാനിപ്പിച്ചപ്പോൾ ഗോൾ വ്യത്യാസമാണ് ലീഗിലെ ഒന്നു മുതൽ മൂന്ന് വരെയുള്ള സ്ഥാനങ്ങൾ നിർണയിച്ചത്. നിലവിലെ ജേതാക്കൾ ആയ യു.എഫ്.സി, വി.സി.സി, കൈസ് എന്നീ ടീമുകൾ 6 കളികളിൽ നിന്നു 4 ജയവും ഓരോ വീതം സമനിലയും തോൽവിയുമായി 13 പോയിന്റുകൾ വീതം നേടിയാണ് ലീഗ് അവസാനിപ്പിച്ചത്. അക്ഷരാർത്ഥത്തിൽ ഗോൾ മഴ കണ്ട ഗ്രൂപ്പ് ഘട്ടത്തിൽ വെറും 21 മത്സരങ്ങളിൽ നിന്ന് പിറന്നത് 104 ഗോളുകൾ ആണ്. 27 ഗോളുകൾ കണ്ടത്തിയ യു.എഫ്.സി തന്നെയാണ് ഗോൾ വേട്ടയിലും മുന്നിൽ, 25 ഗോളുകൾ അടിച്ച അഷ്ഹദുവും 22 ഗോളുകൾ നേടിയ വി.സി.സിയും തങ്ങളുടെ കരുത്ത് കാണിച്ചു.

ജയം സെമിഫൈനൽ സ്ഥാനം ഉറപ്പിക്കും എന്ന നിലക്കാണ് ദുർബലരായ ഹെവൻസ്‌ ട്രീറ്റിനെതിരെ അഷ്ഹദു ഇന്നത്തെ ആദ്യ മത്സരത്തിന് ഇറങ്ങിയത്. 11 ഗോളുകൾക്ക് ഹെവൻസ്‌ ട്രീറ്റിനെ തകർത്തെറിഞ്ഞ അഷ്ഹദു 11 പോയിന്റുകൾ നേടി നാലാം സ്ഥാനം ഉറപ്പിച്ചാണ് കളി അവസാനിപ്പിച്ചത്. ലക്ഷദ്വീപിനായി സന്തോഷ് ട്രോഫി യോഗ്യത മത്സരങ്ങൾ കളിച്ച ഹാഷിം 6 ഗോളുകളുമായി തിളങ്ങിയപ്പോൾ ഹാട്രിക് നേടിയ സജീദും അഷ്ഹദുവിനായി തിളങ്ങി. നസീബിന്റെ സെൽഫ് ഗോൾ കൂടി പിറന്ന മത്സരത്തിൽ ഇബ്രാഹിം ആണ് അഷ്ഹദുവിന്റെ അവസാന ഗോൾ നേടിയത്. ഇതോടെ കെ ലീഗിലെ എക്കാലത്തെയും വലിയ ഗോൾ വേട്ടക്കാരൻ പദവി കളിയിലെ താരം കൂടിയായ ഹാഷിം തിരിച്ചു പിടിച്ചു. കെ ലീഗിൽ 44 ഗോളുകൾ ആണ് ഹാഷിമിന്റെ ഇപ്പോഴത്തെ സമ്പാദ്യം.

7 ഗോൾ മാർജിനിൽ ജയിക്കാൻ ആയാൽ ആദ്യ രണ്ട് സ്ഥാനങ്ങളിൽ ഇടം പിടിക്കാം എന്ന ലക്ഷ്യവുമായാണ് വി.സി.സി ഇന്നത്തെ രണ്ടാം മത്സരത്തിൽ ലീഗിലെ അവസാനക്കാർ ആയ ജി.എസ്.എസ്.എസിനെ നേരിടാൻ ഇറങ്ങിയത്. 8-1 ജയം കണ്ട അവർ ആ ലക്ഷ്യം സാധിക്കുകയും ചെയ്തു. ലീഗിൽ വെറും ഒറ്റ ഗോൾ വ്യത്യാസം മാത്രമാണ് രണ്ടാം സ്ഥാനക്കാരായ വി.സി.സിയേയും കൈസിനെയും തമ്മിൽ വേർതിരിക്കുന്ന ഏകഘടകം. അബൂബക്കർ ലുക്മാൻ എന്നിവർ വി.സി.സിക്കായി ഇരട്ട ഗോൾ നേടിയപ്പോൾ മുഖ്താർ, മുഹമ്മദ്, തഫ്രൂക്ക് എന്നിവരാണ് മറ്റു ഗോളുകൾ നേടിയത്. ഒരു സെൽഫ് ഗോൾ കൂടി പിറന്ന മത്സരത്തിൽ ഹിസാൻ ആണ് ജി.എസ്.എസ്.എസിനായി ആശ്വാസഗോൾ കണ്ടത്തിയത്. ജയത്തിൽ നിർണായക പങ്ക് വഹിച്ച തഫ്രൂക്ക് ആണ് കളിയിലെ കേമൻ.

ജയം ലീഗിലെ ആദ്യ സ്ഥാനം ഉറപ്പിക്കും എന്ന നിലയിൽ ആണ് ഗ്രീൻ ലാന്റിനെ നേരിടാൻ നിലവിലെ ജേതാക്കൾ ആയ യു.എഫ്.സി ഇറങ്ങിയത്. അതിനകം തന്നെ സെമി പ്രതീക്ഷകൾ അവസാനിച്ച ഗ്രീൻ ലാന്റിനെ എതിരില്ലാത്ത 5 ഗോളുകൾക്ക് ആണ് യു.എഫ്.സി തകർത്തത്. ലക്ഷദ്വീപിനായി സന്തോഷ് ട്രോഫി യോഗ്യത മത്സരം കളിച്ച 3 താരങ്ങളുടെ ഗോളുകൾ ആണ് യു.എഫ്.സിക്ക് ജയം സമ്മാനിച്ചത്. അൻവർ, ജാബിർ എന്നിവർ ഇരട്ടഗോളുകൾ നേടിയപ്പോൾ തൻവീറിന്റെ വകയായിരുന്നു യു.എഫ്.സിയുടെ അഞ്ചാം ഗോൾ. അൻവർ ആണ് മത്സരത്തിലെ താരം.

ഇതോടെ ഗ്രീൻ ലാന്റ്, ഹെവൻസ്‌ ട്രീറ്റ്, ജി.എസ്.എസ്.എസ് ടീമുകൾ സെമികാണാതെ പുറത്തായി. മൂന്നും നാലും സ്ഥാനത്ത് എത്തിയ കൈസും അഷ്ഹദുവും തമ്മിലാണ് ആദ്യ എലിമിനേറ്റർ മത്സരം. നാളെ വൈകീട്ട് 3 നാണ്‌ ഈ മത്സരം. ലീഗിൽ പിന്നിലെങ്കിലും മുമ്പ് ലീഗിൽ മുഖാമുഖം വന്നപ്പോൾ 2-1 ജയം അഷ്ഹദുവിനു ഒപ്പമായിരുന്നു. എന്നാൽ ഒരു ദിവസത്തെ അധിക വിശ്രമം അടക്കം ലഭിച്ച കൈസ് പകരം ചോദിക്കാൻ ആവും നാളെ ഇറങ്ങുക. ജയിക്കുന്ന ടീം രണ്ടാം ക്വാളിഫയറിലേക്ക് യോഗ്യത നേടും. തുല്യശക്തികൾ ആയ നിലവിലെ ജേതാക്കൾ ആയ യു.എഫ്.സിയും വി.സി.സിയും ആണ് ആദ്യ ക്വാളിഫയറിൽ ഏറ്റുമുട്ടുക. ജയിക്കുന്ന ടീം ഫൈനലിൽ യോഗ്യത നേടുമ്പോൾ തോൽക്കുന്ന ടീമിന് രണ്ടാം ക്വാളിഫയറിൽ ഒരവസരം കൂടി ലഭിക്കും. നാളെ വൈകീട്ട് 5 മണിക്കാണ് ഈ മത്സരം നടക്കുക. ലീഗിൽ മുമ്പ് ഏറ്റുമുട്ടിയപ്പോൾ വി.സി.സിയെ 3-1 നു തകർത്ത ആത്മവിശ്വാസം യു.എഫ്.സിക്ക് കൂട്ടുണ്ട് എന്നാൽ ഈ പരാജയത്തിന് പ്രതികാരം തേടിയാവും വി.സി.സി ഇറങ്ങുക. തോൽവി ഒരവസരം കൂടി നൽകും എങ്കിലും ജയം മാത്രമാവും ഇരുടീമുകളുടേതും ലക്ഷ്യം. കെ ലീഗിൽ ഇത് വരെ ആവേശത്തിന്റെ തുടർച്ചയാകും സെമിഫൈനൽ പോരാട്ടങ്ങൾ എന്നു ഉറപ്പാണ്.