ലയണൽ സ്കലോണിക്ക് ഫിഫ ബെസ്റ്റ് പുരസ്കാരം. കഴിഞ്ഞ വർഷത്തെ മികച്ച പരിശീലകനായാണ് സ്കലോണിയെ തിരഞ്ഞെടുത്തത്. റയൽ മാഡ്രിഡ് പരിശീലകൻ ആഞ്ചലോട്ടിയെയും മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോളയെയും മറികടന്നാണ് സ്കലോണി ഫിഫ ബെസ്റ്റ് ജേതാവായത്. 2026 ജൂലൈ വരെ അർജന്റീനയുടെ മുഖ്യ പരിശീലകനായി തുടരാൻ ഉള്ള കരാർ ഒപ്പുവെച്ചതിനു പിന്നാലെയാണ് സ്കലോണിക്ക് ഈ പുരസ്കാരം ലഭിക്കുന്നത്.
ഖത്തറിൽ നടന്ന ലോകകപ്പ് ഫൈനലിൽ ഫ്രാൻസിനെ തോൽപ്പിച്ച് സ്കലോനിയുടെ നേതൃത്വത്തിൽ അർജന്റീന 36 വർഷത്തിന് ശേഷം തങ്ങളുടെ ആദ്യ ലോകകപ്പ് കിരീടം നേടിയിരുന്നു. ലോകകപ്പ് വിജയത്തിന് മുമ്പ്, സ്‌കലോനിയുടെ അർജന്റീന കോപ്പ അമേരിക്കയും ഫൈനൽസിമയും നേടിയിട്ടുണ്ട്.