സന്തോഷ് ട്രോഫി ഫൈനൽ റൗണ്ട് മൽസരങ്ങൾക്ക് മലപ്പുറം വേദിയാകും. ഫെബ്രുവരി 20ന് സന്തോഷ് ട്രോഫി ഫൈനൽ റൗണ്ട് മത്സരങ്ങൾ ആരംഭിക്കുമെന്ന് മന്ത്രി വി അബ്ദുറഹ്മാൻ അറിയിച്ചു. മാർച്ച് 6നാകും ഫൈനൽ നടക്കുക. നേരത്തെ കേരളത്തിന്റെ യോഗ്യത മത്സരങ്ങൾക്ക് കൊച്ചി ആയിരുന്നു വേദി ആയിരുന്നത്. മലപ്പുറത്തേക്ക് സന്തോഷ് ട്രോഫി എത്തുന്നത് ഫുട്ബോൾ ആരാധകർക്ക് വലിയ സന്തോഷം തന്നെ നൽകും.
മഞ്ചേരി പയ്യനാട് സ്റ്റേഡിയം ടൂർണമെന്റിന്റെ പ്രധാന വേദിയാകും. പത്ത് ടീമുകൾ ആണ് ഫൈനൽ റൗണ്ടിൽ പങ്കെടുക്കുന്നത്. ആകെ 23 മൽസരങ്ങൾ ടൂർണമെന്റിൽ നടക്കും. കോവിഡ് മൂലം ക്ഷീണിച്ച കേരളത്തിലെ കായിക രംഗത്തെ ഉണർത്താനും ഊർജ്ജം തിരികെ ലഭിക്കാനുമാണ് സന്തോഷ് ട്രോഫി സർക്കാർ ഏറ്റെടുത്തതെന്ന് മന്ത്രി വി.അബ്ദുറഹിമാൻ പറഞ്ഞു.
നേരത്തെ കൊച്ചിയിൽ നടന്ന യോഗ്യത റൗണ്ട് മത്സരങ്ങൾ വിജയിച്ച് കൊണ്ട് കേരള ഫൈനൽ റൗണ്ടിലേക്ക് യോഗ്യത നേടിയിരുന്നു. മൂന്ന് മത്സരങ്ങളിൽ നിന്ന് 9 പോയിന്റുമായാണ് കേരളം ഫൈനൽ റൗണ്ടിലേക്ക് മുന്നേറിയത്.
കേരളം ലൽഷദ്വീപിനെയും ആൻഡമാനെയും പോണ്ടിച്ചേരിയെയും യോഗ്യത റൗണ്ടിൽ തോൽപ്പിച്ചിരുന്നു. മൂന്ന് മത്സരങ്ങളിൽ നിന്നായി 18 ഗോളുകൾ ആണ് കേരളം നേടിയത്.