സന്തോഷ് ട്രോഫി; ടീമുകള്‍ നാളെ മുതൽ കേരളത്തിൽ എത്തും

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള ടീമുകള്‍ നാളെ (ബുധന്‍) എത്തിതുടങ്ങും. ഗ്രൂപ്പ് എയിലുള്ള പഞ്ചാബ് ആണ് ആദ്യം എത്തുന്ന ടീം. നാളെ പുലര്‍ച്ചെ 2.00 മണിക്ക് കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനിലെത്തുന്ന ടീമിന് മഞ്ചേരിയിലെ അവരുടെ താമസ സ്ഥലത്ത് സ്വീകരണം നല്‍കും. ബൊക്കയും പൂവും നല്‍കിയാണ് പഞ്ചാബിനെ സ്വീകരിക്കുന്നത്.

രാവിലെ 7.30 ന് കോഴിക്കോട് എയര്‍പോര്‍ട്ടിലെത്തുന്ന മണിപ്പൂരിന് സംഘാടക സമിതി ഗ്യാന്റ് സ്വീകരണം ഒരുക്കും. എയര്‍പോര്‍ട്ടിലെ സ്വീകരണത്തിന് ശേഷം ടീമിന് ഒരുക്കിയ താമസ സ്ഥലത്തേക്ക് കൊണ്ടുപോകും. രാവിലെ 7.27 ന് കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ ഗ്രൂപ്പ് ബിയിലെ ഒഡീഷ്യയും എത്തുന്നുണ്ട് അവര്‍ക്കും സംഘാടകര്‍ സ്വീകരണം ഒരുക്കും. ഉച്ചയ്ക്ക് 2.15 ന് രാജസ്ഥാന്‍ കോഴിക്കോട് എയര്‍പോര്‍ട്ടെലെത്തും. അവര്‍ക്ക് താമസ സ്ഥലത്താണ് സ്വീകരണം ഒരുക്കിയിട്ടുള്ളത്.

ആതിഥേയരായ കേരളം നാളെ മലപ്പുറത്ത് എത്തും. കോഴിക്കോട് പരിശീലനം നടത്തുന്ന കേരളത്തിന്റെ 20 അംഗ റ്റീമിനെ നാളെ (ബുധനാഴ്ച ) രാവിലെ പ്രഖ്യാപിക്കും. ടീം പ്രഖ്യാപനത്തിന് ശേഷം വൈകീട്ട് 3 മണിയോടെ കോഴിക്കോട് നിന്ന് പുറപ്പെടുന്ന ടീം വൈകീട്ട് 4 മണിയോടെ മഞ്ചേരിയിലെത്തും. മഞ്ചേരിയിലെ താമസ സ്ഥലത്താണ് ആതിഥേയരായ കേരളത്തിന് സ്വീകരണം സംഘാടക സമിതി ഒരുക്കിയിട്ടുള്ളത്.

ഏപ്രില്‍ 16 രാത്രി 8.00 മണിക്ക് രാജസ്ഥാനെതിരെ മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലാണ് കേരളത്തിന്റെ ആദ്യ മത്സരം. 18 ന് കേരളം കരുത്തരായ വെസ്റ്റ് ബംഗാളിനെ നേരിടും. 20 ന് മേഘാലയ, 22 ന് പഞ്ചാബ് എന്നിവരുമായി കേരളം ഏറ്റുമുട്ടും. കേരളത്തിന്റെ എല്ലാ മത്സരങ്ങളും മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലാണ് നടക്കുന്നത്.
വൈകീട്ടോടെ വെസ്റ്റ് ബംഗാളും മേഘാലയയും എത്തും. 14 ന് ഗുജറാത്ത്, കര്‍ണാടക, സര്‍വീസസ് എന്നിവരും കേരളത്തിലെത്തും.