അവസാന മിനുട്ടിലെ ഗോളിൽ ലക്ഷദ്വീപിന് സമനില, കേരളത്തിന് ഇനി അവസാന മത്സരത്തിൽ ഒരു സമനില മതി

Newsroom

സന്തോഷ് ട്രോഫി സൗത്ത് സോൺ പോരാട്ടത്തിൽ ഗ്രൂപ്പ് എയിൽ ഇന്ന് ലക്ഷദ്വീപും പോണ്ടിച്ചേരിയും ഏറ്റുമുട്ടിയപ്പോൾ മത്സരം സമനിലയിൽ അവസാനിച്ചു. ഒരു ഇഞ്ച്വറി ടൈം ഗോളിൽ ആണ് ലക്ഷദ്വീപ് ഇന്ന് കളി 1-1 എന്ന നിലയിൽ അവസാനിപ്പിച്ചത്. ഇന്ന് 17ആം മിനുട്ടിൽ ലഭിച്ച പെനാൾട്ടിയിലൂടെയാണ് പോണ്ടീച്ചേരി ലീഡ് എടുത്തത്. ജോൺ മജു ആണ് പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ചത്. ഇതിന് മറുപടി നൽകാൻ ദ്വീപിന് 94ആം മിനുട്ടിലെ ഒരു പെനാൾട്ടി വേണ്ടി വന്നു. അബ്ദുൽ ഹാഷിം ആണ് പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ചത്.

ആദ്യ മത്സരത്തിൽ കേരളത്തോട് വലിയ സ്കോറിന് പരാജയപ്പെട്ടിരുന്ന ലക്ഷദ്വീപിന്റെ ഫൈനൽ റൗണ്ട് പ്രതീക്ഷ ഈ സമനിലയോടെ അവസാനിച്ചു. 4 പോയിന്റുമായി ഗ്രൂപ്പിൽ രണ്ടാമത് നിൽക്കുന്ന പോണ്ടിച്ചേരിക്ക് ഇനി ഫൈനൽ റൗണ്ട് യോഗ്യത നേടണം എങ്കിൽ അവസാന മത്സരത്തിൽ കേരളത്തെ തോൽപ്പിക്കേണ്ടതുണ്ട്. കേരളത്തിന് പോണ്ടിച്ചേരിക്ക് എതിരെ ഒരു സമനില മതി ഗ്രൂപ്പ് ചാമ്പ്യന്മാരാകാൻ.