കളത്തിൽ നൃത്തമാടി എമിൽ ബെന്നി, സന്തോഷ് ട്രോഫിയിൽ കേരളത്തിന് വമ്പൻ വിജയം

- Advertisement -

സന്തോഷ് ട്രോഫി ദക്ഷിണ മേഖല യോഗ്യതാ മത്സരത്തിൽ കേരളത്തിന് ഗംഭീര തുടക്കം. കോഴിക്കോട് ആതിഥ്യം വഹിക്കുന്ന യോഗ്യത റൗണ്ടിലെ ആദ്യ മത്സരത്തിൽ വൻ വിജയം തന്നെ കേരളം സ്വന്തമാക്കി. ആന്ധ്രാപ്രദേശിനെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് ആണ് കേരളം പരാജയപ്പെടുത്തിയത്. യുവതാരം എമി ബെന്നിയുടെ മാന്ത്രിക ഗോളുൾപ്പെടെയുള്ള പ്രകടനം കേരള വിജയത്തിന് കരുത്തായി.

മെല്ലെ തുടങ്ങിയ കേരളം ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളിലാണ് ഗോളുകൾ നേടി തുടങ്ങിയത്. തുടരെ തുടരെ രണ്ട് ഗോളുകൾ അടിച്ച് ആദ്യ പകുതി 2-0 എന്ന ലീഡിന് കേരളം അവസാനിപ്പിച്ചു. കളിയുടെ 45ആം മിനുട്ടിൽ ഒരു കോർണറിൽ നിന്ന് വിപിൻ തോമസ് ആയിരുന്നു കേരളത്തിന്റെ ആദ്യ ഗോൾ നേടിയത്. ആ ഗോളിന് പിന്നാലെ ഒരു പെനാൾട്ടിയും കേരളത്തിന് അനുകൂലമായി കിട്ടി. പെനാൾട്ടി എടുത്ത ബെംഗളൂരു എഫ് സി താരം ലിയോൺ അഗസ്റ്റിൻ ലക്ഷ്യം ഒട്ടു പിഴക്കാതെ പന്ത് വലയിൽ എത്തിച്ച് കേരളത്തിന് സുരക്ഷിതമായ രണ്ട് ഗോളിന്റെ ലീഡ് നൽകി.

രണ്ടാം പകുതി എമിൽ ബെന്നി സ്വന്തമാക്കുന്നതാണ് പിന്നീട് കണ്ടത്. രണ്ടാം പകുതിയുടെ 63ആം മിനുട്ടിൽ വലകുലുക്കി തുടങ്ങാൻ എമിൽ ബെന്നിക്ക് ആയി. എമിലിന്റെ രണ്ടാം ഗോളായിരുന്നു ഇന്ന് കണ്ട ഏറ്റവും മികച്ച ഗോൾ. പെനാൽട്ടി ബോക്സിൽ മാന്ത്രിക ചുവടുകൾ വെച്ച ശേഷമായിരുന്നു എമിലിന്റെ ഫിനിഷ്. കളി അവസാനിക്കും മുമ്പ് ഷിഹാദിലൂടെ കേരളം അഞ്ചാം ഗോളും നേടി. ഗ്രൂപ്പിലെ അടുത്ത മത്സരത്തിൽ തമിഴ്നാടിനെയാണ് കേരളം നേരിടേണ്ടത്.

Advertisement