ദ്വീപുകളുടെ പോരാട്ടത്തിൽ വൻ വിജയത്തോടെ ലക്ഷദ്വീപ് സന്തോഷ് ട്രോഫി യാത്ര അവസാനിപ്പിച്ചു

Screenshot 20211201 015635

സന്തോഷ് ട്രോഫി യോഗ്യത റൗണ്ടിലെ അവസാന മത്സരത്തിൽ ലക്ഷദ്വീപിന് വൻ വിജയം. ഇന്ന് ആൻഡമാൻ ദ്വീപിനെ നേരിട്ട ലക്ഷദ്വീപ് ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കാണ് വിജയിച്ചത്. ആദ്യ രണ്ടു മത്സരങ്ങളിലെ നിരാശയും ആൻഡമാനു മേൽ ലക്ഷദ്വീപ് തീർക്കുക ആയിരുന്നു. ഇരട്ട ഗോളുകളുമായി അബ്ദുൽ അമീൻ കളിയിലെ താരമായി. 17ആം മിനുട്ടിൽ അബ്ദുൽ ഹാഷിം ആണ് ഇന്ന് ദ്വീപിന് ലീഡ് നൽകിയത്. ഇതിനു ശേഷം 37ആം മിനുട്ടിലും 45ആം മിനുട്ടിലും ഗോൾ നേടിക്കൊണ്ട് അമീൻ ലക്ഷദ്വീപിനെ 3 ഗോളുകൾക്ക് മുന്നിൽ എത്തിച്ചു.

രണ്ടാം പകുതിയിൽ സബ്ബായി എത്തിയ സാഹിൽ ലക്ഷദ്വീപിന്റെ നാലാം ഗോൾ നേടി. 82ആം മിനുട്ടിൽ യുവതാരം അബ്ദുൽ ഹസൻ കൂടെ ഗോൾ നേടിയതോടെ ആൻഡമാൻ വല നിറഞ്ഞു. 95ആം മിനുട്ടിൽ ഷിജു രാജ് ആണ് ആൻഡമാന്റെ ആശ്വാസ ഗോൾ നേടിയത്. ഈ വിജയത്തോടെ ലക്ഷദ്വീപ് നാലു പോയിന്റുമായി ഗ്രൂപ്പ് ഘട്ടം മൂന്നാം സ്ഥാനത്ത് അവസാനിപ്പിച്ചു. ആദ്യ മത്സരത്തിൽ കേരളത്തോട് തോറ്റ ദ്വീപ് രണ്ടാം മത്സരത്തിൽ പോണ്ടിച്ചേരിയോട് സമനിലയും നേടിയിരുന്നു. ആൻഡമാൻ മൂന്ന് മത്സരങ്ങളും പരാജയപ്പെട്ടാണ് മടങ്ങുന്നത്.

Previous articleമായങ്ക് അഗർവാളിന് അർദ്ധ സെഞ്ച്വറി, 400 കടന്ന് ഇന്ത്യൻ ലീഡ്
Next articleഫൈനൽ റൗണ്ട് യോഗ്യത ഉറപ്പിക്കാൻ കേരളം പോണ്ടിച്ചേരിക്ക് എതിരെ