ഇന്ത്യൻ ഫുട്ബോൾ ചരിത്രത്തിൽ ഏറെ പ്രാധാന്യം ഉള്ള ഒരു ക്ലബ് കൂടെ പ്രവർത്തനം അവസാനിപ്പിക്കുന്നു. മുൻ ദേശീയ ലീഗ് ചാമ്പ്യന്മാരായ സാൽഗോക്കർ ക്ലബ് പ്രവർത്തനം നിർത്തുന്നതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. 67 വർഷങ്ങളായി പ്രവർത്തിക്കുന്ന ക്ലബ് അവസാന കുറേ വർഷങ്ങളായി ഐ ലീഗിലോ മറ്റു ദേശീയ തല ടൂർണമെന്റുകളിലോ കളിക്കുന്നുണ്ടായിരുന്നില്ല. ഗോവ പ്രൊ ലീഗിൽ ആയിരുന്നു അവർ കളിച്ചു കൊണ്ടിരുന്നത്. എന്നാൽ ഇനി അവിടെയും കളിക്കില്ല.
ഗോ പ്രോ ലീഗിൽ കളിക്കാൻ ഉള്ള അപേക്ഷ ഫോം ഇത്തവണ സാൽഗോക്കർ കൈപറ്റിയില്ല. അവർ സീനിയർ ടീമിന്റെയും അണ്ടർ 20 ടീമിന്റെയും പ്രവർത്തനം നിർത്തുകയാണ് എന്ന് അറിയിച്ചു. അണ്ടർ 13 ലെവലിൽ അവർ പ്രവർത്തനം തുടരും. എന്നാൽ സീനിയർ ടീമും ക്ലബിന്റെ മറ്റു പ്രവർത്തനങ്ങളും അവർ അവസാനിപ്പിക്കുകയാണ്.
1956ൽ വി എം സാൽഗോക്കർ ആണ് സാൽഗോക്കർ ക്ലബ് ആരംഭിച്ചത്. 1988ൽ ഫെഡറേഷൻ കപ്പും 1999ൽ നാഷണൽ ലീഗും ഒപ്പം ഡ്യൂറണ്ട് കപ്പും സാൽഗോക്കർ നേടിയിരുന്നു. ആകെ നാല് ഫെഡറേഷൻ കപ്പും 3 ഡൂറണ്ട് കപ്പും അവർ നേടിയിട്ടുണ്ട്. 2011ൽ ഐ ലീഗ് കിരീടവും അവർ നേടി. 2016 എ ഐ എഫ് എഫിന്റെ റോഡ് മാപ്പിൽ പ്രതിഷേധിച്ച് സാൽഗോക്കർ ദേശീയ ഫുട്ബോളിൽ നിന്ന് മാറി നിൽക്കുകയായിരുന്നു.