സാഫ് U20 ചാമ്പ്യൻഷിപ്പിൽ വിജയക്കുതിപ്പ് തുടർന്ന് ബംഗ്ലാദേശ്. ഭുവനേശ്വറിലെ കലിങ്ക സ്റ്റേഡിയത്തിൽ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ബംഗ്ലാദേശ് മാലിദ്വീപിനെ പരാജയപ്പെടുത്തിയത്. ഈ ജയം ബംഗ്ലാദേശിനെ ഫൈനലിലേക്ക് ഒരു പടി കൂടി അടുപ്പിച്ചു. ടൂർണമെന്റിലെ ബംഗ്ലാദേശിന്റെ തുടർച്ചയായ മൂന്നാം ജയമായിരുന്നു ഇന്നത്തേത്.
മിറാജുൾ ഇസ്ലാമിന്റെ ഹാട്രിക്കാണ് മാലിദ്വീപിനെതിരെ ബംഗ്ലാദേശിന്റെ തുറുപ്പ് ചീട്ടായത്. മറ്റൊരു സ്കോററായ റഫീക്കുൾ ഇസ്ലാമിന്റെ ഗോളിന് വഴിയൊരുക്കിയതും മിറാജുൾ തന്നെയായിരുന്നു. ആദ്യ മത്സരത്തിൽ ശ്രീലങ്കയെ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ബംഗ്ലാദേശ് പരാജയപ്പെടുത്തിയത്. അന്നും ഗോളടിച്ചത് മിറാജുളായിരുന്നു. രണ്ടാം മത്സരത്തിൽ ഇന്ത്യക്കെതിരെ 2-1ന്റെ ജയമാണ് ബംഗ്ലാദേശ് നേടിയത്. മിറാജുൾ ഇസ്ലാമിന്റെ ഹാട്രിക്കിന്റെ പിന്നാലെ ആദ്യ പകുതിയിൽ തന്നെ 4-0ലീഡ് ബംഗ്ലാദേശ് നേടി. മൂന്ന് മത്സരങ്ങളിൽ നിന്നും 9 പോയന്റുള്ള ബംഗ്ലാദേശിന് നേപ്പാളിനെതിരായ അടുത്ത മത്സരത്തിൽ ഒരു സമനില മതിയാകും ഫൈനൽ ഉറപ്പിക്കാൻ.