ഈ മാസം ഇന്ത്യയിൽ നടക്കുന്ന സാഫ് കപ്പിൽ പാകിസ്താന് പങ്കെടുക്കും. ഇതിനായുള്ള വിസ ക്ലിയറൻസ് ഇന്ത്യൻ ഗവണ്മെന്റ് നൽകി. ജൂൺ 21 മുതൽ ജൂലൈ 4 വരെ ബെംഗളൂരുവിൽ ആണ് സാഫ് കപ്പ് നടക്കുന്നത്. പാകിസ്താൻ ഉൾപ്പെടെ എട്ട് രാജ്യങ്ങൾ ആണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്. പാക്കിസ്ഥാന്റെ പങ്കാളിത്തിനായുള്ള ഞങ്ങളുടെ പങ്ക് ഇന്ത്യ ചെയ്തു എന്നും ബാക്കി നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടത് പാകിസ്താൻ ആണെന്നും എഐഎഫ്എഫ് സെക്രട്ടറി ജനറൽ ഷാജി പ്രഭാകരൻ പറഞ്ഞു.
“ആഭ്യന്തര മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം, കായിക മന്ത്രാലയം എന്നിവയെല്ലാം പാകിസ്താന്റെ വരവ് അംഗീകരിച്ചിട്ടുണ്ട്” ഷാജി പ്രഭാകരൻ പറഞ്ഞു. ഞങ്ങൾ പാകിസ്താനെ സ്വാഗതം ചെയ്യുന്നു എന്നും അദ്ദേഹം പറഞ്ഞു.
സാഫ് കപ്പിൽ ഇന്ത്യയും പാകിസ്ഥാനും ഒരേ ഗ്രൂപ്പിലാണ്, ജൂൺ 21ന് നടക്കുന്ന ഉദ്ഘാടനത്തിൽ ഇരു ടീമുകളും പരസ്പരം ഏറ്റുമുട്ടും. 2018 ലെ സാഫ് ചാമ്പ്യൻഷിപ്പിൽ ആണ് ഇന്ത്യയും പാകിസ്താനും അവസാനമായി ഫുട്ബോളിൽ ഏറ്റുമുട്ടിയത്.