സാഫ് കപ്പിനായി ഇന്ത്യൻ ക്യാമ്പിലേക്ക് താരങ്ങളെ വിട്ടുതരില്ലെന്ന് ക്ലബുകൾ

- Advertisement -

ഇന്ത്യയുടെ സാഫ് കപ്പ് ഒരുക്കങ്ങൾ പ്രതിസന്ധിയിൽ. ഈ ആഴ്ച ആരംഭിക്കേണ്ട സാഫ് കപ്പ് സന്നാഹ ക്യാമ്പിലേക്ക് താരങ്ങളെ വിട്ടുകൊടുക്കാൻ ഐ എസ് എൽ ക്ലബുകൾ തയ്യാറല്ല എന്നതാണ് സാഫ് ഒരുക്കങ്ങൾക്ക് തിരിച്ചടിയാകുന്നത്. ക്യാമ്പിന്റെ 45 ദിവസത്തോളം നീണ്ടു നിക്കുന്നു എന്നതാണ് ക്ലബുകൾ താരങ്ങളെ വിട്ടുകൊടുക്കാൻ മടിക്കുന്നതിന്റെ കാരണം. ഇത്രയും ദിവസം താരങ്ങൾക്ക് അവധി കൊടുത്താൽ ക്ലബുകളുടെ പുതിയ സീസണായുള്ള ഒരുക്കത്തെ അതു ബാധിക്കുമെന്ന് ക്ലബുകൾ പറയുന്നു.

35 അംഗ ടീമിനെയാണ് ഇന്ത്യ ക്യാമ്പിലേക്ക് ക്ഷണിച്ചിരിക്കുന്നത്. ഇതിൽ ഭൂരിഭാഗം പേരും ഐ എസ് എൽ ക്ലബുകളിൽ നിന്നുള്ളവരുമാണ്‌. ഈ പ്രൊഫഷണൽ ഫുട്ബോളിന്റെ കാലത്ത് ഇത്രയും ദിവസം ഏതു രാജ്യത്തിലാണ് ഏതു ക്ലബാണ് താരങ്ങളെ വിട്ടു കൊടുക്കുക എന്നാണ് ക്ലബുകൾ ചോദിക്കുന്നത്. ക്യാമ്പ് കഴിഞ്ഞ സെപ്റ്റംബർ ആദ്യ വാരം നടക്കുന്ന സാഫ് കപ്പും കഴിഞ്ഞാൽ പിന്നെ ഐ എസ് എല്ലിന് മുന്നോടിയായി വളരെ കുറച്ച് ദിവസങ്ങളെ ക്ലബുകൾക്ക് അവരുടെ താരങ്ങളെ കിട്ടൂ.

ബെംഗളൂരു എഫ് സി പോലുള്ള ടീമുകൾക്ക് ആകട്ടെ അടുത്ത മാസം എ എഫ് സി കപ്പിൽ പങ്കെടുക്കേണ്ടതുമുണ്ട്. എ ഐ എഫ് എഫും ക്ലബുകളും തമ്മിൽ ഇപ്പോൾ ചർച്ചകൾ നടക്കുകയാണ്. ഇതിന് ഒരു പരിഹാരം ഉടൻ കണ്ടെത്തുമെന്നാണ് എ ഐ എഫ് എഫിന്റെ പ്രതീക്ഷ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement