ഇത്തിഹാദിൽ മാഞ്ചസ്റ്റർ സിറ്റിയെ 4-0ന് തകർത്ത് ടോട്ടൻഹാം ഹോട്‌സ്‌പർ തകർപ്പൻ പ്രകടനം നടത്തി. പെപ് ഗാർഡിയോളയുടെ രണ്ട് ദശാബ്ദത്തിനിടെ ഹോം ഗ്രൗണ്ടിലെ ഏറ്റവും വലിയ തോൽവിയാണിത്. കൂടാതെ സിറ്റിയുടെ തുടർച്ചയായ അഞ്ചാം പരാജയവും.
തൻ്റെ 28-ാം ജന്മദിനം ആഘോഷിക്കുന്ന ജെയിംസ് മാഡിസൺ, ആദ്യ 20 മിനിറ്റിനുള്ളിൽ രണ്ട് തവണ വല കുലുക്കിയതോടെ സിറ്റി വിറച്ചു. തുടക്കം മുതൽ സിറ്റിയുടെ ഹോം ഗ്രൗണ്ടാണെന്ന് തോന്നിപ്പിക്കാത്ത രീതിയിലായിരുന്നു സ്പർസിന്റെ കളി.
പെഡ്രോ പോറോ രണ്ടാം പകുതിയുടെ തുടക്കത്തിൽ അതിശയകരമായ സ്‌ട്രൈക്കിലൂടെ മൂന്നാമത്തെ ഗോൾ കൂട്ടിച്ചേർത്തു, പകരക്കാരനായ ബ്രണ്ണൻ ജോൺസൺ സ്റ്റോപ്പേജ് ടൈമിൽ വിജയം ഉറപ്പിച്ച നാലാം ഗോളും നേടി.
ഈ തോൽവി മാഞ്ചസ്റ്റർ സിറ്റിക്ക് കനത്ത പ്രഹരമാണ്, ഇപ്പോൾ എല്ലാ മത്സരങ്ങളിലുമായി അവർ തുടർച്ചയായി അഞ്ച് മത്സരങ്ങൾ തോറ്റു, 1956-ന് ശേഷം ഇംഗ്ലീഷ് ടോപ്-ഫ്ലൈറ്റ് ചാമ്പ്യന്മാരായി വാഴുന്ന ഒരു ടീം തുടർച്ചയായി 5 കളികൾ തോൽക്കുന്നത് ഇതാദ്യമാണ്. ഇപ്പോൾ ലിവർപൂളിനേക്കാൾ 5 പോയിൻ്റ് താഴെ ഉള്ള സിറ്റിക്ക്, ചാമ്പ്യൻസ് ലീഗിൽ ഫെയ്‌നൂർഡിനെതിരായ മത്സരവുൻ ആൻഫീൽഡിൽ നിർണായക ലീഗ് പോരാട്ടവും ആണ് വരാനുള്ളത്.