ഫിഫയുടേയും യുവേഫയുടേയും വിലക്ക് മറികടക്കാൻ അപ്പീലുമായെത്തിയ റഷ്യക്ക് തിരിച്ചടി. ഉക്രൈൻ അധിനിവേശത്തിന് പിറകെയാണ് റഷ്യൻ ദേശിയ ടീമുകൾക്കും ക്ലബ്ബുകൾക്കും തങ്ങളുടെ എല്ലാ ടൂർണമെന്റുകളിൽ നിന്നും ഫിഫയും യുവേഫയും വിലക്കേർപ്പെടുത്തിയത്. ഇതിനെതിരെ കായിക മേഖലയിലെ പ്രശ്നങ്ങൾക്ക് മധ്യസ്ഥം വഹിക്കുന്ന “കോർട് ഓഫ് ആർബിട്രെഷൻ ഫോർ സ്‌പോർട്” (സിഎഎസ്) ന്റെ മുന്നിൽ അപ്പീലുമായി എത്തിയതായിരുന്നു റഷ്യൻ ദേശിയ ഫുട്ബോൾ അസോസിയേഷനും നാല് ക്ലബ്ബുകളും. എന്നാൽ ഇവിടെയും തിരിച്ചടി നേരിട്ടതോടെ ഫിഫയുടെയും യുവേഫയുടെയും എല്ലാ മത്സരങ്ങളിൽ നിന്നും റഷ്യൻ ടീമുകൾ പുറത്തു തന്നെ നിൽക്കേണ്ടി വരും.
ഇത്തവണത്തെ ലോകകപ്പ് ക്വാളിഫിക്കേഷന് പുറമെ നേഷൻസ് ലീഗിൽ നിന്നും പുരുഷ ടീമിനെ പുറത്താക്കിയിരുന്നു. വനിതാ ടീം ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്ന യൂറോപ്യൻ ചാംപ്യൻഷിപ്പിൽ നിന്നും പങ്കെടുക്കാൻ കഴിഞ്ഞില്ല. ഇതിന് പുറമെ അടുത്ത സീസണിൽ ചാമ്പ്യൻസ് ലീഗ് അടക്കമുള്ള യുവേഫയുടെ മത്സരങ്ങളിൽ റഷ്യൻ ക്ലബ്ബുകൾക്ക് വിലക്കുണ്ട്. സെനിത് സെന്റ് പീറ്റെഴ്‌സ്ബെർഗ്, സിഎസ്‌കെഎ മോസ്‌കോ, ഡൈനാമോ മോസ്‌കോ, സോഷി എന്നീ ടീമുകളാണ് വിലക്കിനെതിരെ അപ്പീലുമായി എത്തിയത്.
ഫിഫയും യുവേഫയും പ്രഖ്യാപിച്ച വിലക്കിനെ “സിഎഎസ്” പാനൽ അനുകൂലിച്ചു. യുക്രൈനിലെ സൈനിക നീക്കങ്ങൾക്ക് റഷ്യയിലെ ടീമുകൾക്കോ കളിക്കാർക്കോ നേരിട്ട് ബന്ധമില്ലെങ്കിലും മറ്റിടങ്ങളിൽ സുരക്ഷിതമായി മത്സരങ്ങൾ സംഘടിപ്പിക്കാൻ ഈ വിലക്ക് ആവശ്യമാണെന്ന് പാനൽ നിരീക്ഷിച്ചു. റഷ്യയുടെ നീക്കത്തിൽ ലോകത്തെങ്ങുമുള്ള ഭരണകൂടങ്ങളുടെയും ജനങ്ങളുടെയും പ്രതികരണം കൂടിയാണ് ഈ നടപടികളിലേക്ക് യുവേഫയെയും ഫിഫയെയും നയിച്ചതെന്നും പാനൽ ചൂണ്ടിക്കാണിച്ചു.
ഇതോടെ റഷ്യൻ ടീമുകൾ തൽക്കാലം കളത്തിന് പുറത്തു തന്നെ നിൽക്കേണ്ടി വരും.ഫുട്ബോളിന് പുറമെ റഷ്യയുടെ മറ്റ് കായിക സമിതികളും അപ്പീലുമായി എത്തിയിട്ടുണ്ട്. എങ്കിലും അധിനിവേശം തുടരുന്ന സാഹചര്യത്തിൽ അനുകൂല വിധി ഉണ്ടാവില്ലെന്നത് ഉറപ്പാണ്.