ക്രിസ്റ്റ്യാനോ റൊണാൾഡോ ഏഷ്യൻ ചാമ്പ്യൻസ് ലീഗിൽ കളിക്കും. റൊണാൾഡോയും അൽ നസറും ഇന്ന് നടന്ന എ സി എൽ പ്ലേ ഓഫ് മത്സരത്തിൽ നാടകീയമായ വിജയം സ്വന്തമാക്കിയാണ് ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിന് യോഗ്യത നേടിയത്. യു എ ഇ ക്ലബായ ശബാബ് അൽ അഹ്ലിക്ക് എതിരെ 89 മിനുട്ട് വരെ പിറകിൽ നിന്ന അൽ നസർ അവസാന 6 മിനുട്ടിൽ 3 ഗോളുകൾ നേടിയാണ് വിജയം ഉറപ്പിച്ചത്. 4-2ന്റെ വിജയമാണ് അവർ നേടിയത്.
ഇന്ന് ശക്തമായ ലൈനപ്പുമായി ഇറങ്ങിയ അൽ നസർ 11ആം മിനുട്ടിൽ ടലിസ്കയിലൂടെ ലീഡ് എടുത്തു. എന്നാൽ ആ ലീഡ് അധികനേരം നിലനിർത്താൻ അൽ നസറിനായില്ല. 18ആം മിനുട്ടിൽ അൽ ഗസാനിയിലൂടെ അൽ അഹ്ലിയുടെ സമനില ഗോൾ വന്നു. ആദ്യ പകുതിയിൽ ലീഡ് തിരിച്ചുപിടിക്കാൻ അൽ നസർ ഏറെ ശ്രമിച്ചു എങ്കിലും ഫലം ഉണ്ടായില്ല.
റൊണാൾഡോ രണ്ട് പെനാൾട്ടി അപ്പീലുകൾ നടത്തി എങ്കിലും റഫറി അൽ നസറിന് അനുകൂലമായ നടപടി എടുത്തില്ല. രണ്ടാം പകുതിയുടെ തുടക്കത്തിൽ ഗസാനിയിലൂടെ ശബാബ് അൽ അഹ്ലി രണ്ടാം ഗോളും കണ്ടെത്തി ലീഡ് എടുത്തു. സ്കോർ 2-1
അൽ നസർ ഇതിനു ശേഷം തീർത്തും അറ്റാക്കിലേക്ക് നീങ്ങി എങ്കിലും ഗോൾകീപ്പറെ കാര്യമായി പരീക്ഷിക്കാൻ പോലും അൽ നസറിനായില്ല. അവസാനം 89ആം മിനുട്ടിൽ സുൽത്താൻ അൽ ഗന്നാമിന്റെ ഹെഡറിലൂടെ അൽ നസർ സമനില കണ്ടെത്തി. സ്കോർ 2-2.
അൽ നസർ എന്നിട്ടും അറ്റാക്ക് തുടർന്നു. 94ആം മിനുട്ടിൽ ടലിസ്കയുടെ ഹെഡറിലൂടെ അൽ നസർ വിജയ ഗോളും കണ്ടെത്തി. സ്കോർ 3-2. തൊട്ടടുത്ത മിനുട്ടിൽ റൊണാൾഡോ നൽകിയ പാസ് സ്വീകരിച്ച് ബ്രൊസോവിചിന്റെ വക നാലാം ഗോൾ. സ്കോർ 4-2. 89ആം മിനുട്ട് വരെ 2-1ന് പിറകിൽ നിന്ന അൽ നസർ 4-2ന് വിജയിച്ച് ചാമ്പ്യൻസ് ലീഗിലേക്ക്. ചാമ്പ്യൻസ് ലീഗിൽ അൽ നസർ ഏത് ഗ്രൂപ്പിൽ ആയിരിക്കും എന്ന് ഇനി ഓഗസ്റ്റ് 24ന് അറിയാം.