ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ യുവന്റസിലേക്കുള്ള മാറ്റം അപ്രതീക്ഷിതമായിരുന്നെന്ന് ബാഴ്‌സലോണ ഫോർവേഡ് ലൂയിസ് സുവാരസ്. അതെ സമയം റൊണാൾഡോയുടെ യുവന്റസിലേക്കുള്ള ട്രാൻസ്ഫാറോടെ റയൽ മാഡ്രിഡിലെ മറ്റു താരങ്ങൾ മികച്ച പ്രകടനം പുറത്തെടുക്കുമെന്നും സുവാരസ് പറഞ്ഞു. റയൽ മാഡ്രിഡ് മികച്ച ടീമാണെന്നും അത് ഒരു വ്യക്തിക്ക് മേലെയാണെന്നും സുവാരസ് കൂട്ടിച്ചേർത്തു.
9 വർഷത്തെ റയൽ മാഡ്രിഡിലെ കളി മതിയാക്കി കഴിഞ്ഞ ഈ ട്രാൻസ്ഫർ വിൻഡോയിലാണ് റയൽ മാഡ്രിഡിൽ നിന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ യുവന്റസിൽ എത്തിയത്. റൊണാൾഡോ ഇല്ലാതിരുന്നിട്ടും ലാ ലീഗയിൽ മികച്ച പ്രകടനമാണ് റയൽ മാഡ്രിഡ് പുറത്തെടുത്തത്. കളിച്ച മൂന്ന് മത്സരങ്ങളും ജയിച്ച റയൽ മാഡ്രിഡ് ഗോൾ വ്യതാസത്തിൽ ബാഴ്‌സലോണക്ക് പിറകിൽ രണ്ടാം സ്ഥാനത്താണ്.
റയൽ മാഡ്രിഡ് ജേഴ്സിയിൽ 438 മത്സരങ്ങൾ കളിച്ച ക്രിസ്റ്റ്യാനോ റൊണാൾഡോ 451 ഗോളുകളും നേടിയിട്ടുണ്ട്. നാല് ചാമ്പ്യൻസ് ലീഗ് കിരീടവും രണ്ടു ലാ ലീഗ കിരീടവും ഈ കാലയളവിൽ റൊണാൾഡോ സ്വന്തമാക്കി.