പോർച്ചുഗലിനായി ഒരു ലോകകപ്പ് നേടുക എന്നത് എന്റെ കരിയറിലെ ഏറ്റവും വലുതും അതിമോഹവുമായ സ്വപ്നമായിരുന്നു എന്നും ആ സ്വപനം അവസാനിച്ചിരിക്കുകയാണ് എന്നും റൊണാൾഡോ. ഇന്നലെ പോർച്ചുഗൽ ലോകകപ്പിൽ നിന്ന് പുറത്തായതിനെ കുറിച്ച് റൊണാൾഡോ ഇന്നാണ് ഔദ്യോഗിക പ്രസ്താവന ഇറക്കിയത്.
പോർച്ചുഗലിനൊപ്പം ഉൾപ്പെടെ നിരവധി അന്താരാഷ്ട്ര കിരീടങ്ങൾ ഞാൻ നേടി, പക്ഷേ നമ്മുടെ രാജ്യത്തിന്റെ പേര് ലോകത്തിലെ ഏറ്റവും ഉയരത്തുക് എത്തിക്കുക എന്നത് എന്റെ ഏറ്റവും വലിയ സ്വപ്നമായിരുന്നു. ഞാൻ അതിനായി പോരാടി. ഈ സ്വപ്നത്തിനായി ഞാൻ കഠിനമായി പൊരുതുക തന്നെ ചെയ്തു. റൊണാൾഡോ ഇൻസ്റ്റയിൽ എഴുതി.
16 വർഷത്തിലേറെയായി ലോകകപ്പുകളിൽ ഞാൻ സ്കോർ ചെയ്യുന്നു. മികച്ച കളിക്കാരുടെ ഒപ്പവും ദശലക്ഷക്കണക്കിന് പോർച്ചുഗീസുകാരുടെ പിന്തുണയിലും ഞാൻ കളിച്ചു. ആ സ്വപ്നം ഞാൻ ഒരിക്കലും ഉപേക്ഷിച്ചിട്ടുണ്ടായിരുന്നില്ല. നിർഭാഗ്യവശാൽ, ഇന്നലെ ആ സ്വപ്നം അവസാനിച്ചു. റൊണാൾഡോ കുറിച്ചു
ഒരുപാട് കാര്യങ്ങൾ തന്നെ കുറിച്ച് പറഞ്ഞിട്ടുണ്ട്, ഒരുപാട് എഴുതിയിട്ടുണ്ട്, പക്ഷേ പോർച്ചുഗലിനോടുള്ള എന്റെ സമർപ്പണം ഒരു നിമിഷം പോലും മാറിയിട്ടില്ലെന്ന് നിങ്ങൾ എല്ലാവരും അറിയണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. എല്ലാവരുടെയും ലക്ഷ്യത്തിനായി പോരാടുന്ന ഒരാളായിരുന്നു ഞാൻ, എന്റെ സഹപ്രവർത്തകരോടും എന്റെ രാജ്യത്തോടും ഞാൻ ഒരിക്കലും പുറംതിരിഞ്ഞുനിൽക്കില്ല. ഇപ്പോൾ കൂടുതലൊന്നും പറയുന്നില്ല. നന്ദി, പോർച്ചുഗൽ. നന്ദി, ഖത്തർ. സ്വപ്നം നീണ്ടുനിൽക്കുമ്പോൾ അത് മനോഹരമായിരുന്നു. റൊണാൾഡോ അവസാനിപ്പിച്ചു.