അൽ നാസറിലേക്കുള്ള റൊണാൾഡോയുടെ വരവ് വലിയ പ്രതീക്ഷകളോടെയായിരുന്നു. ആരാധകർക്കും സൗദി ഫുട്ബോളിനും അൽ നസർ ക്ലബിനും എല്ലാം അത് വലിയ ഊർജ്ജമായിരുന്നു. എന്നാൽ ഇപ്പോൾ കാര്യങ്ങൾ അത്ര ശുഭകരമല്ല. റൊണാൾഡോ വരും മുമ്പ് മൂന്ന് കിരീടങ്ങളിലും ഫേവറിറ്റുകൾ ആയിരുന്ന അൽ നസർ ഇപ്പോൾ ഒരു കിരീടം പോലും കിട്ടുമോ എന്ന ആശങ്കയിൽ ആണ്. ഇന്നലെ അൽ വെഹ്ദയ്‌ക്കെതിരായ കിംഗ്‌സ് കപ്പ് സെമിഫൈനലിൽ അൽ നാസർ നിരാശാജനകമായ തോൽവി ഏറ്റുവാങ്ങി. ടൂർണമെന്റിൽ നിന്ന് അവർ പുറത്താവുകയും ചെയ്തു.
നേരത്തെ സൗദി സൂപ്പർ കപ്പിലും അൽ നസർ പരാജയപ്പെട്ടിരുന്നു. റൊണാൾഡോ വരുമ്പോൾ സൗദി പ്രൊ ലീഗിൽ ഒന്നാമത് ആയിരുന്നു അൽ നസർ ഇപ്പോൾ ലീഗിൽ രണ്ടാം സ്ഥാനത്താണ്. ഇനി ആകെ ആറു മത്സരങ്ങൾ മാത്രമെ സൗദി ലീഗിൽ അവശേഷിക്കുന്നുള്ളൂ. അവസാന മൂന്ന് മത്സരങ്ങളിൽ അൽ നസർ ഒരു ഗോളു പോലും അടിച്ചിട്ടില്ല. അവർ അടുത്തിടെ പരിശീലകനെയും പുറത്താക്കിയിരുന്നു.
റൊണാൾഡോയുടെ വ്യക്തിഗതമായി സൗദിയിൽ എത്തിയ ശേഷം ഗോളുകൾ നേടിയിട്ടുണ്ടെങ്കിലും ടീമിന്റെ പ്രകടനം വളരെ പിറകോട്ട് പോയെന്ന് ആരാധകരും ഫുട്ബോൾ നിരീക്ഷകരും പറയുന്നു. നേരത്തെ മാഞ്ചസ്റ്റർ യുണൈറ്റഡിൽ തിരികെ എത്തിയപ്പോഴും റൊണാൾഡോ സമാനമായ വിമർശനങ്ങൾ നേരിട്ടിരുന്നു.