ക്രിസ്റ്റ്യാനോ റൊണാൾഡോ താൻ ഇതിഹാസം തന്നെയാണെന്ന് അടിവരയിട്ട മത്സരമാണ് ഇന്ന് അറബ് ക്ലബ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ കണ്ടത്. ഒരു ഗോളിന് പിറകിലായിരുന്ന, പത്തു പേരായി ചുരിങ്ങിയിരുന്ന അൽ നസറിനെ സ്വന്തം തോളിലേറ്റി റൊണാൾഡോ ഇന്ന് കിരീടത്തിലേക്ക് നയിച്ചു. അൽ ഹിലാലിലെ 2-1ന് തോൽപ്പിച്ച് റൊണാൾഡോ തന്റെ അൽ നസറിനൊപ്പം ഉള്ള ആദ്യ കിരീടവും ഉറപ്പിച്ചു. അൽ നസറിന്റെ രണ്ടു ഗോളുകളും റൊണാൾഡോ ആയിരുന്നു നേടിയത്.
ഇന്ന് അറബ് ക്ലബ് ചാമ്പ്യൻഷിപ്പ് കപ്പിൽ ഫുട്ബോൾ ആരാധകർ പ്രതീക്ഷിച്ചതു പോലെ തന്നെ ഉന്നത നിലവാരമുള്ള എന്റർടെയ്നിങ് ഫുട്ബോൾ ആണ് കാണാൻ സാധിച്ചത്. അൽ ഹിലാലും അൽ നസറും ഒപ്പത്തിനൊപ്പം നിന്ന് കളിയിൽ പൊരുതി. ആദ്യ പകുതിയിൽ ഗോൾ ഒന്നും വന്നില്ല. രണ്ടാം പകുതിയുടെ തുടക്കത്തിൽ അൽ ഹിലാൽ ലീഡ് എടുത്തു. 50ആം മിനുട്ടിൽ ബ്രസീലിയൻ താരം മിഖായേൽ അൽ ഹിലാലിന് ലീഡ് നൽകി.
ക്രിസ്റ്റ്യാനോ റൊണാൾഡോയും സംഘവും കളിയിലേക്ക് തിരികെവരാൻ ശ്രമിക്കവെ അൽ നസറിന്റെ സെന്റർ ബാക്ക് അൽ അമ്രി 71ആം മിനുട്ടിൽ ചുവപ്പ് കാർഡ് കണ്ട് പുറത്തായി. ഇതോടെ അൽ നസർ 10 പേരായി ചുരുങ്ങി. പക്ഷെ റൊണാൾഡോ വിട്ടു കൊടുക്കാൻ ഒരുക്കമായിരുന്നില്ല.
74ആം മിനുട്ടിൽ അൽ ഗനം നൽകിയ പാസിൽ നിന്ന് റൊണാൾഡോ സമനില ഗോൾ കണ്ടെത്തി. ഇതോടെ അൽ നസറിന് ആത്മവിശ്വാസം ഇരട്ടിയായി.90 മിനുട്ട് കഴിയും വരെ സ്കോർ 1-1 ആയി തുടർന്നു. കലീ പിന്നീട് എക്സ്ട്രാ ടൈമിലേക്ക് നീങ്ങി. എക്സ്ട്രാ ടൈമിൽ 98ആം മിനുട്ടിൽ വീണ്ടും റൊണാൾഡോ അവതരിച്ചു. ഹെഡറിലൂടെ റൊണാൾഡോ വീണ്ടും വല കുലുക്കി. അൽ നസർ 2-1ന് മുന്നിൽ.
മത്സരം അവസാനിക്കാൻ ആറ് മിനുട്ട് ബാക്കിയിരിക്കെ റൊണാൾഡോ പരിക്കേറ്റ് കളം വിട്ടത് അൽ നസറിന് തിരിച്ചടിയായി. എങ്കിലും വിജയവും കിരീടവും ഉറപ്പിക്കാൻ അവർക്ക് ആയി. അൽ നസർ ആദ്യമായാണ് ഈ കിരീടം നേടുന്നത്. റൊണാൾഡോയുടെ കരിയറിലെ 35ആം കിരീടമാണിത്.