ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസം റൊണാൾഡീഞ്ഞോ സജീവ ഫുട്ബോളിൽ നിന്ന് വിരമിച്ചു. താരത്തിന്റെ ഏജന്റും സഹോദരനുമായ റോബർട്ടോ അസ്സിസ് ആണ് താരം ഫുട്ബോളിൽ നിന്ന് വിരമിച്ചതായി പ്രഖ്യാപിച്ചത്. 2015ന് ശേഷം താരം ഫുട്ബോളിൽ സജീവമായിരുന്നില്ല. ലോകകപ്പ് അടക്കം നിരവധി അംഗീകാരങ്ങൾ നേടിയതിനു ശേഷമാണു താരം കളി മതിയാക്കുന്നത്.
റഷ്യയിൽ നടക്കുന്ന ലോകകപ്പിന് ശേഷം താരത്തിന്റെ വിടവാങ്ങൽ മത്സരങ്ങൾ നടക്കുമെന്ന് താരത്തിന്റെ സഹോദരൻ അറിയിച്ചു. ബ്രസീലിൽ നിന്നുള്ള ഗ്രീമിയോയിൽ കളിച്ച് തുടങ്ങിയ റൊണാൾഡീഞ്ഞോ 2001ൽ പി.എസ്.ജിയിലൂടെയാണ് യൂറോപിലെത്തുന്നത്. 2002ലെ ലോകകപ്പിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് താരം ബാഴ്സലോണയിലെത്തുന്നത്.
ബാഴ്സലോണയിൽ വെച്ച് രണ്ട് ലീഗ് കിരീടങ്ങളും ചാമ്പ്യൻസ് ലീഗും ബലോൺ ഡിയോർ പുരസ്കാരവും നേടുകയും ചെയ്തു. പെപ് ഗാർഡിയോള ബാഴ്സലോണയുടെ ചുമതലയേറ്റതോടെ താരം മിലാനിലെത്തുകയായിരുന്നു. 98 മത്സരങ്ങൾ ബ്രസീലിനു വേണ്ടി കളിച്ച റൊണാൾഡീഞ്ഞോ ചിലിക്കെതിരെ 2013 ഏപ്രിലിലാണ് അവസാനമായി രാജ്യത്തിനു വേണ്ടി ബൂട്ട് കെട്ടിയത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial