സൗദി അറേബ്യൻ ക്ലബുകൾ വൻ പണം നൽകി നല്ല താരങ്ങളെ സൈൻ ചെയ്യുന്നത് നിയന്ത്രിക്കണം എന്ന് മാഞ്ചസ്റ്റർ സിറ്റി താരം റോഡ്രി. യൂറോപ്യൻ കളിക്കാർ സൗദി അറേബ്യൻ ക്ലബ്ബുകളിലേക്ക് പോകുന്ന പ്രവണതയെക്കുറിച്ച് അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. ഈ ഒഴുക്ക് തടയുന്നതിന് നിയന്ത്രണത്തിന്റെ ആവശ്യകത ഉണ്ടെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
പരിചയസമ്പന്നരായ വെറ്ററൻമാർ മാത്രമല്ല സൗദിയിലേക്ക് പോകുന്നത്, ഒരുപാട് നല്ല യുവതാരങ്ങൾൻ ഈ നീക്കം നടത്തുന്നുണ്ട്. ഇത് ശരിയല്ല. റോഡ്രി പറഞ്ഞു. കഴിഞ്ഞ ട്രാൻസ്ഫർ വിൻഡോയിൽ മാത്രം സൗദി അറേബ്യൻ ക്ലബ്ബുകൾ ചെലവഴിച്ച തുക 1 ബില്യൺ യൂറോക്ക് മുകളിൽ ആയിരുന്നു. ഇംഗ്ലീഷ് പ്രീമിയർ ലീഗ് മാത്രമാണ് ഈ ട്രാൻസ്ഫർ വിൻഡോയിൽ അതിനേക്കാൾ പണം ചിലവഴിച്ചത്.
നെയ്മർ, ബെൻസീമ, മാനെ, ഫിർമിനോ, കാന്റെ, മെഹ്റസ്, മിട്രോവിച്, ഹെൻഡേഴ്സൺ, ഫബിഞ്ഞോ, റൂബൻ നെവസ് തുടങ്ങി നിരവധി താരങ്ങൾ യൂറോപ്യൻ ക്ലബുകൾ വിട്ട് സൗദിയിൽ എത്തി. 2030വരെ ഇങ്ങനെ പണം ചിലവഴിച്ച് യൂറോപ്പിനോട് കിടപിടിക്കുന്ന ഒരു ലീഗ് ആക്കി സൗദി ലീഗിനെ മാറ്റാൻ ആണ് ഇപ്പോൾ സൗദി അറേബ്യ ശ്രമിക്കുന്നത്.