മൂന്ന് ഐ ലീഗ്, 4 ഫെഡറേഷൻ കപ്പ്, ഇപ്പോൾ ഐ എസ് എലും, കിരീടങ്ങൾ സ്നേഹിച്ച റിനോ ആന്റോ!!

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

കേരള ഫുട്ബോൾ ചരിത്രത്തിൽ ഇത്രയും അധികം ദേശീയ കിരീടങ്ങൾ നേടിയ ഒരു താരമുണ്ടോ എന്ന് സംശയമാണ്. റിനോ ആന്റോയെ കുറിച്ചാണ് പറയുന്നത്. ബെംഗളൂരു എഫ് സി ഐ എസ് എൽ കിരീടം സ്വന്തമാക്കിയപ്പോൾ അത്, ഇന്ത്യൻ ദേശീയ ഫുട്ബോൾ രംഗത്ത് റിനോ സ്വന്തമാക്കുന്ന എട്ടാമത്തെ വലിയ കിരീടമായിരുന്നു. അതു മാത്രമല്ല ഈ കിരീടത്തിന്റെ പ്രത്യേകത. ഐ എസ് എൽ കിരീടവും ഐ ലീഗ് കിരീടവും സ്വന്തമാക്കുന്ന ആദ്യ മലയാളി ഫുട്ബോളർ എന്ന നേട്ടവും ഈ കിരീടത്തൊടേ റിനോ സ്വന്തമാക്കി. മുമ്പ് ഒരു മലയാളി താരത്തിനും ഈ രണ്ട് കിരീടത്തിലും മുത്തം വെക്കാൻ കഴിഞ്ഞിരുന്നില്ല.

ഐലീഗും ഫെഡറേഷൻ കപ്പും ഒക്കെ മുമ്പ് തന്നെ സ്വന്തമാക്കിയിട്ടുള്ള റിനോയുടെ ആദ്യ ഐ എസ് എൽ കിരീടമായിരുന്നു ഇത്. മുമ്പ് ഒരു തവണ കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ഐ എസ് എൽ ഫൈനലും കളിച്ചിട്ടുള്ള താരമാണ് റിനോ ആന്റോ. കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിലെ നിരാശയ്ക്ക് ശേഷം ഈ സീസൺ തുടക്കത്തിലാണ് റിനോ ബെംഗളൂരുവിലേക്ക് മടങ്ങി ചെന്നത്. ആ തീരുമാനം ശരിയായിരുന്നു എന്ന് കിരീടം സാക്ഷ്യപ്പെടുത്തുന്നു. ബെംഗളൂരു എഫ് സി അവരുടെ ചരിത്രത്തിൽ നേടിയ ആറു കിരീടങ്ങളിൽ അഞ്ച് കിരീടങ്ങളിലും റിനോ ആന്റോയും ഒപ്പം ഉണ്ടായിരുന്നു.


ക്ലബിന്റെ തുടക്കം മുതൽ ബെംഗളൂരുവിലെ പ്രധാന സാന്നിദ്ധ്യം ആയിരുന്നു റിനോ. 2013-14 സീസണിൽ ഐലീഗ് കിരീടം, അടുത്ത സീസണിൽ ഫെഡറേഷൻ കപ്പ്, അതു കഴിഞ്ഞ് 2015-16 സീസണിൽ വീണ്ടും ഐലീഗ് കിരീടം, അതു കഴിഞ്ഞ് 2016-17ൽ ഫെഡറേഷൻ കപ്പ് എന്നിങ്ങനെ ആയിരുന്നു റിനോ ആന്റോയുടെ ബെംഗളൂരു എഫ് സിയിലെ ഇതിനു മുമ്പുള്ള കിരീട നേട്ടങ്ങൾ.

ബെംഗളൂരു എഫ് സിയിൽ കൂടാതെ വേറെ രണ്ടു ക്ലബുകളിൽ കൂടെ റിനോ കിരീടം നേടിയിട്ടുണ്ട്. 2010-11 സീസണിൽ സാൽഗോക്കറിനൊപ്പം ഡബിൾ കിരീടങ്ങൾ റിനോ സ്വന്തമാക്കിയിരുന്നു. അന്ന് ഐ ലീഗും ഫെഡറേഷൻ കപ്പും സാൽഗോക്കർ ഉയർത്തിയപ്പോൾ അവരുടെ പ്രധാന പോരാളി ആയിരുന്നു റിനോ. 2008-09 സീസണിൽ മോഹൻ ബഗാനൊപ്പം ഫെഡറേഷൻ കപ്പും റിനോ ആന്റോ നേടിയിട്ടുണ്ട്. ഐ എസ് എൽ കിരീടവും ഐ ലീഗ് കിരീടവും നേടിയ ഏക മലയാളി എന്നതിനും അപ്പുറം. 4 ഫെഡറേഷൻ കപ്പും 3 ഐ ലീഗ് കിരീടങ്ങളും നേടിയ വേറൊരു മലയാളി താരവും ചരിത്രത്തിൽ ഇല്ല എന്നതും റിനോ ആന്റോ എന്ന താരത്തിന്റെ വലുപ്പം മനസ്സിലാക്കി തരുന്നു. അടുത്ത കാലത്ത് പരിക്ക് കാരണം പിറകോട്ട് പോയെങ്കിലും ഇന്ത്യൻ ഫുട്ബോളിന് കേരളം നൽകിയ ഏറ്റവും മികച്ച റൈറ്റ് ബാക്ക് ഏതെന്ന് ചോദിക്കുമ്പോൾ റിനോയുടെ പേര് പറയാതിരിക്കാൻ ആവില്ല എന്ന് ഈ കിരീടങ്ങൾ വ്യക്തമാക്കുന്നു.