എവർട്ടൺ താരം റിചാർലിസൺ അടുത്ത് നടക്കാനിരിക്കുന്ന സൗഹൃദ മത്സരങ്ങൾക്കുള്ള ബ്രസീൽ ടീമിൽ ഇടം പിടിച്ചു. ആദ്യമായിട്ടാണ് താരം ബ്രസീൽ സീനിയർ ടീമിൽ ഇടം നേടുന്നത്. 21 കാരനായ റിചാർലിസൺ പരിക്കേറ്റ ഫ്ലുമിനെൻസ് താരം പെഡ്രോക്ക് പകരമായിട്ടാണ് താരം ബ്രസീൽ ടീമിൽ ഇടം നേടിയത്. ബ്രസീൽ അണ്ടർ 20 ടീമിന് വേണ്ടി 10 തവണ താരം ബൂട്ട് കെട്ടിയിട്ടുണ്ട്
ഈ സീസണിൽ വാറ്റ്ഫോർഡിൽ നിന്ന് എവർട്ടണിൽ എത്തിയ താരം മികച്ച ഫോമിലാണ് സീസൺ തുടങ്ങിയത്. ഇതാണ് താരത്തെ ബ്രസീൽ ടീമിൽ എത്തിച്ചത്. ആദ്യ മത്സരത്തിൽ വോൾവ്‌സിനെതിരെ രണ്ടു ഗോൾ നേടിയ റിചാർലിസൺ രണ്ടാമത്തെ മത്സരത്തിൽ സൗത്താംപ്ടണെതിരെയും ഗോൾ നേടിയിരുന്നു. എന്നാൽ കഴിഞ്ഞ മത്സരത്തിൽ എതിർ താരത്തെ തലകൊണ്ട് ഇടിക്കാൻ ശ്രമിച്ചതിന് താരത്തിന് ചുവപ്പു കാർഡും ലഭിച്ചിരുന്നു.
ലോകകപ്പിലെ തോൽവിക്ക് ശേഷം ആദ്യമായാണ് ബ്രസീൽ കളത്തിലിറങ്ങുന്നത്. സെപ്റ്റംബർ 8ന് നടക്കുന്ന മത്സരത്തിൽ അമേരിക്കയാണ് ബ്രസിലിന്റെ എതിരാളികൾ. നാല് ദിവസത്തിന് ശേഷം എൽ സാൽവഡോറുമായാണ് ബ്രസീലിന്റെ രണ്ടാമത്തെ സൗഹൃദ മത്സരം.