യാഹൂ സോക്കർ കപ്പിൽ സെവനപ്പുമായി അൽ ബി, ജയം കണ്ട് യാഹുവും മെഗാസ്റ്റാറും

- Advertisement -

കട്മത്ത് യാഹൂ സോക്കർ കപ്പിൽ ലാക് ബീച്ച് ബോയ്‌സ് ജൂണിയേഴ്‌സിനെ ഒന്നിനെതിരെ ഏഴു ഗോളുകൾക്ക് തകർത്തു കവരത്തി അൽ ബി. ടൂർണമെന്റിൽ തങ്ങളുടെ രണ്ടാം മത്സരത്തിൽ തങ്ങളുടെ മുഴുവൻ മികവിലേക്ക് ഉയരുന്ന കവരത്തി ടീമിനെയാണ് കാണാൻ ആയത്. അലയാൻസ് അറീന ഗ്രൂപ്പിലെ മത്സരത്തിൽ ലാക് ബീച്ച് ബോയ്സിന്റെ യുവ നിരക്ക് എതിരെ ദയല്ലില്ലാത്ത പ്രകടനം ആണ് കവരത്തി അൽ ബി പുറത്ത് എടുത്തത്. അസീസ് ഖാൻ ഹാട്രിക് നേടിയ മത്സരത്തിൽ നാസിർ ഇരട്ടഗോളുകളുകളും കണ്ടത്തി. തഫ്രൂഖ്, അബ്ദുൽ അമീൻ എന്നിവരുടെ വക ആയിരുന്നു അൽ ബിയുടെ മറ്റ് ഗോളുകൾ. അതേസമയം മുഹമ്മദ് ശഹീം ആണ് ലാക് ബീച്ച് ബോയ്സിന്റെ ആശ്വാസഗോൾ നേടിയത്. ഗ്രൂപ്പിൽ ആദ്യ മത്സരത്തിൽ തോൽവി വഴങ്ങിയ അൽ ബിക്ക് ഇത് വലിയ ഊർജ്ജം പകരും.

അതേസമയം ആൻഫീൾഡ് ഗ്രൂപ്പിൽ നടന്ന മത്സരത്തിൽ മെർലി കിംഗ്‌സിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ച് യാഹൂ സോക്കർ ക്ലബ് തുടർച്ചയായ രണ്ടാം മത്സരത്തിലും ജയം കണ്ടു. പിറകിൽ നിന്ന ശേഷം ആയിരുന്നു യാഹൂവിന്റെ ജയം. ജസായിർ, നസറുള്ള എന്നിവർ യാഹൂവിനായി ഗോൾ കണ്ടത്തിയപ്പോൾ ഗഫൂർ ആണ് മെർലി കിംഗ്സിനായി ഗോൾ നേടിയത്. മാറക്കാനാ ഗ്രൂപ്പിൽ തങ്ങളുടെ ആദ്യ മത്സരത്തിനു ഇറങ്ങിയ മെഗാ യു.കെ ക്യാപിറ്റൽസിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ആണ് മെഗാസ്റ്റാർ തോൽപ്പിച്ചത്. ഗ്രൂപ്പിലെ കരുത്തർ ആയ മെഗാസ്റ്റാറിന് ആയി ബുന്യാമീൻ, തൗഫീഖ് എന്നിവർ ആണ് ഗോളുകൾ കണ്ടത്തിയത്. അടുത്ത റൗണ്ട് ലക്ഷ്യമിടുന്ന മെഗാസ്റ്റാറിന് ഈ ജയം വലിയ ആത്മവിശ്വാസം പകരും. കഴിഞ്ഞ ദിവസങ്ങളിൽ കാലാവസ്ഥ വില്ലൻ ആയത് ടൂർണമെന്റിനെ ബാധിച്ചു എങ്കിലും തുടർ ദിവസങ്ങളിൽ ടൂർണമെന്റ് മുടക്കമില്ലാതെ നടത്താൻ ആവും എന്നാണ് പ്രതീക്ഷ.

Advertisement