കെ ലീഗിൽ വി.സി.സി, കൈസ് മത്സരം സമനിലയിൽ

- Advertisement -

കെ ലീഗിൽ ഇന്നലെ നടന്ന കൈസ്, വി.സി.സി മത്സരം സമനിലയിൽ അവസാനിച്ചു. ഇരു ടീമുകളും പരുക്കൻ കളി പുറത്തെടുത്ത മത്സരത്തിൽ 8 മഞ്ഞകാർഡ് ആണ് പിറന്നത്. ഓരോ ഗോൾ വീതം നേടിയ ഇരു ടീമുകളും മത്സരത്തിൽ സമനില വഴങ്ങുകയായിരുന്നു. കഴിഞ്ഞ മത്സരത്തിൽ ജയം കണ്ട ഇരു ടീമുകളെയും സംബന്ധിച്ച് മത്സരഫലം ഒരർത്ഥത്തിൽ സെമിയിൽ എത്താൻ ഗുണം ചെയ്‌തേക്കും. വി.സി.സിക്കായി ബുജൈറും കൈസിനായി ഷെഫീഖുമാണ് ഗോളുകൾ നേടിയത്. വി.സി.സിക്കായി മത്സരത്തിൽ തിളങ്ങിയ അനു സാബിത്ത് ആണ് മത്സരത്തിലെ താരം.

ലീഗിലെ മറ്റൊരു മത്സരത്തിൽ ദുർബലർ തമ്മിലുള്ള പോരാട്ടത്തിൽ ജയം ഹെവൻസ്‌ ട്രീറ്റിനു. കഴിഞ്ഞ മത്സരങ്ങളിൽ കനത്ത പരാജയം നേരിട്ട ഹെവൻസ്‌ ട്രീറ്റും ജി.എസ്.എസ്.എസും ആദ്യ ജയം തേടിയാണ് ഇന്ന് കളത്തിൽ ഇറങ്ങിയത്. എന്നാൽ സ്വന്തം അബദ്ധങ്ങളാൽ തോൽവി വഴങ്ങാൻ ആയിരുന്നു ജി.എസ്.എസ്.എസ് ടീമിന്റെ വിധി. അക്രമും സാബിർ അലിയും സ്വന്തം പോസ്റ്റിൽ ഗോളടിച്ചപ്പോൾ ഹെവൻസ്‌ ട്രീറ്റിന്റെ ജയം 3-1 നു. നസീബ് ആണ് അവർക്കായി മൂന്നാം ഗോൾ നേടിയത്. ഹസൻ ആണ് ജി.എസ്.എസ്.എസിന്റെ ആശ്വാസഗോൾ കണ്ടത്തിയത്. ഹെവൻസ്‌ ട്രീറ്റിന്റെ സാഹിൽ ആണ് കളിയിലെ കേമൻ.

Advertisement