സുബ്രതോയിൽ ജയം കണ്ട് ആന്ത്രോത്തും അഗത്തിയും

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

കവരത്തി : 17 വയസ്സിന് താഴെയുള്ളവരുടെ സുബ്രതോ മുഖർജി യോഗ്യത മത്സരങ്ങളിൽ ഇന്ന് രാവിലെ നടന്ന മത്സരങ്ങളിൽ വലിയകര ഗ്രൂപ്പിൽ ജയം കണ്ട് ആന്ത്രോത്ത് എം.ജി.എസ്.എസ് സ്‌കൂളും അഗത്തി ഹൈസ്കൂളും. രാവിലെ നടന്ന ആദ്യമത്സരത്തിൽ ടൂർണമെന്റിൽ തങ്ങളുടെ ആദ്യമത്സരത്തിനു ഇറങ്ങിയ കിൽത്താൻ സ്‌കൂളിനെ എതിരില്ലാത്ത 3 ഗോളുകൾക്കാണ് ആന്ത്രോത്ത് തോൽപ്പിച്ചത്. അബ്ദു, തിഹാം, റുകുനുദ്ദീൻ എന്നിവരാണ് ആന്ത്രോത്തിനായി ഗോളുകൾ നേടിയത്. ആദ്യമത്സരത്തിൽ കട്മത്തിനെ തോൽപ്പിച്ച ആന്ത്രോത്ത് ഇതോടെ വലിയകര ഗ്രൂപ്പിൽ മുൻതൂക്കം നേടി.

ടൂർണമെന്റിൽ ആദ്യമത്സരത്തിനായി ഇറങ്ങിയ ചെത്ത്ലത്ത് സ്കൂളിനെയാണ് രാവിലത്തെ രണ്ടാം മത്സരത്തിൽ അഗത്തി മറികടന്നത്. തങ്ങളുടെ ആദ്യമത്സരത്തിൽ കട്മത്തിനോട് തോറ്റ അഗത്തിക്ക് സെമിസാധ്യതകൾ സജീവമാക്കാൻ ഇന്ന് ജയം അനിവാര്യമായിരുന്നു. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു അഗത്തിയുടെ ജയം. ഇതോടെ ഗ്രൂപ്പിൽ കട്മത്ത്, അഗത്തി ടീമുകൾക്ക് ഓരോ ജയം വീതമായി. ഇന്ന് തന്നെ വൈകുന്നേരം 3.30 നു കട്മത്ത് കിൽത്താനെ നേരിടുമ്പോൾ ആന്ത്രോത്ത് ചെത്ത്ലത്തിനെ നേരിടും. ഇന്നത്തെ മത്സരങ്ങൾ പൂർണമാകുന്നതോടെ വലിയകര ഗ്രൂപ്പിലെ സെമിഫൈനൽ ചിത്രം ഏതാണ്ട് വ്യക്തമാകും.