സ്പാനിഷ് സൂപ്പർ കപ്പ് ഫൈനലിൽ ബാഴ്സലോണയോട് പരാജയപ്പെട്ടതിന് പിന്നാലെ, പരിശീലകൻ സാബി അലോൺസോയുമായുള്ള കരാർ അവസാനിപ്പിക്കാൻ റയൽ മാഡ്രിഡ് തീരുമാനിച്ചു. 2026 ജനുവരി 12-നാണ് ക്ലബ്ബ് ഈ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ഇരുപക്ഷവും തമ്മിലുള്ള പരസ്പര ധാരണയുടെ അടിസ്ഥാനത്തിലാണ് ഈ തീരുമാനമെന്ന് ക്ലബ്ബ് അറിയിച്ചു.

റയൽ മാഡ്രിഡിന്റെ ഇതിഹാസ താരമായ സാബി അലോൺസോ ക്ലബ്ബിന്റെ മൂല്യങ്ങളെ എപ്പോഴും ഉയർത്തിപ്പിടിച്ചിട്ടുണ്ടെന്നും മാഡ്രിഡ് എപ്പോഴും അദ്ദേഹത്തിന്റെ വീടായിരിക്കുമെന്നും ക്ലബ്ബ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. അലോൺസോയ്ക്കും അദ്ദേഹത്തിന്റെ സംഘത്തിനും ക്ലബ്ബ് നന്ദി രേഖപ്പെടുത്തുകയും ഭാവി പ്രവർത്തനങ്ങൾക്ക് ആശംസകൾ നേരുകയും ചെയ്തു.
കഴിഞ്ഞ ജൂണിൽ ചുമതലയേറ്റ അലോൺസോയ്ക്ക് ലീഗിലെ ഫോം ഇല്ലായ്മയും ഒപ്പം, സൂപ്പർ കപ്പ് ഫൈനലിലെ തോൽവിയും തിരിച്ചടിയായി. ജിദ്ദയിൽ നടന്ന ഫൈനലിൽ ബാഴ്സലോണയോട് 3-2 ന് റയൽ മാഡ്രിഡ് തോറ്റിരുന്നു. ലാ ലിഗ കിരീടപ്പോരാട്ടം മുറുകുന്നതിനിടെ അലോൺസോയുടെ പടിയിറക്കം ഫുട്ബോൾ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. അൽവാരോ അർബലോവ ഉൾപ്പെടെയുള്ള മുൻ താരങ്ങളുടെ പേരുകൾ പുതിയ പരിശീലക സ്ഥാനത്തേക്ക് ഇപ്പോൾ ഉയർന്നു കേൾക്കുന്നുണ്ട്.









