മാഡ്രിഡ്: 2025-26 ലാ ലിഗ സീസണിൽ റയൽ മാഡ്രിഡ് മികച്ച തുടക്കം തുടർന്നു. സാന്റിയാഗോ ബെർണബ്യൂവിൽ നടന്ന മത്സരത്തിൽ എസ്പാനിയോളിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി റയൽ മാഡ്രിഡ് പോയിന്റ് പട്ടികയിൽ അഞ്ച് പോയിന്റിന്റെ ലീഡുമായി ഒന്നാം സ്ഥാനത്ത് തുടരുന്നു. എഡർ മിലിറ്റാവോയും കൈലിയൻ എംബാപ്പെയും റയലിനായി ഗോൾ നേടി.

മത്സരത്തിന്റെ തുടക്കം മുതൽ റയൽ മാഡ്രിഡ് ആധിപത്യം പുലർത്തി. 74.2% പന്ത് കൈവശം വെച്ച അവർ തുടർച്ചയായി എസ്പാനിയോളിന്റെ പ്രതിരോധത്തെ പരീക്ഷിച്ചു. 22-ാം മിനിറ്റിൽ എഡർ മിലിറ്റാവോയുടെ തകർപ്പൻ ലോംഗ് റേഞ്ചിലൂടെ റയൽ ലീഡ് നേടി. ഫെഡറിക്കോ വാൽവെർദെയുടെ അസിസ്റ്റിൽ നിന്നാണ് മിലിറ്റാവോ ഗോൾ നേടിയത്.
രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ റയൽ മാഡ്രിഡ് തങ്ങളുടെ ലീഡ് രണ്ടാക്കി ഉയർത്തി. 47-ാം മിനിറ്റിൽ വിനീഷ്യസ് ജൂനിയർ നൽകിയ പാസിൽ നിന്ന് കൈലിയൻ എംബാപ്പെ മനോഹരമായ ഷോട്ടിലൂടെ ഗോൾ നേടി.
രണ്ടാമത്തെ ഗോളിന് ശേഷം റയൽ മാഡ്രിഡ് കൂടുതൽ ആക്രമിച്ചു കളിച്ചു. എംബാപ്പെയെയും വിനീഷ്യസിനെയും എസ്പാനിയോൾ ഗോൾകീപ്പർ ഡ്മിട്രോവിച്ച് തടഞ്ഞു. വിനീഷ്യസിന്റെ ഒരു ഷോട്ട് പോസ്റ്റിൽ തട്ടി തെറിച്ചു.
എസ്പാനിയോളിന് ആകെ ഒരു ഷോട്ട് മാത്രമാണ് ലക്ഷ്യത്തിലേക്ക് തൊടുക്കാൻ കഴിഞ്ഞത്.