ഓസ്ട്രിയൻ കപ്പ് ജയിച്ച് ആർ.ബി സാൽസ്ബർഗ്

Wasim Akram

കൊറോണ വൈറസിന്റെ ഇടവേളക്ക് ശേഷം ഫുട്‌ബോളിൽ ആദ്യ കപ്പ് ഉയർത്തി റെഡ് ബുൾ സാൽസ്ബർഗ്. കൊറോണ വൈറസ് മൂലമുണ്ടായ ഇടവേളക്ക് ശേഷം ഓസ്ട്രിയയിൽ നടന്ന ആദ്യ ഫുട്‌ബോൾ മത്സരം ആയിരുന്നു കപ്പ് ഫൈനൽ. കാണികൾ ഇല്ലാതെ നടന്ന ഫൈനലിൽ രണ്ടാം ഡിവിഷൻ ക്ലബ് ആയ ഓസ്ട്രിയ ലിസ്റ്റാന്യുയെ എതിരില്ലാത്ത 5 ഗോളുകൾക്ക് തകർത്ത് ആണ് നിലവിലെ ഓസ്ട്രിയൻ ജേതാക്കൾ ആയ സാൽസ്ബർഗ് കിരീടം ഉയർത്തിയത്.

ആദ്യ പകുതിയിൽ ഡൊമനിക് സബോസലയുടെ ഫ്രീകിക്ക് ഗോളിന് പിറകെ വന്ന സെൽഫ് ഗോൾ സാൽസ്ബർഗിന് 2 ഗോൾ ലീഡ് നൽകി. രണ്ടാം പകുതിയിൽ നോഹ ഒകഫോർ, മജീദ് ആഷിമേരു, സ്‌കോയ്‌ കൊയിറ്റ എന്നിവരിലൂടെ സാൽസ്ബർഗ് ഗോൾ നില പൂർത്തിയാക്കി. തുടർച്ചയായ രണ്ടാമത്തെയും ക്ലബ് ചരിത്രത്തിലെ ഏഴാമത്തെയും കപ്പ് ജയം ആയിരുന്നു സാൽസ്ബർഗിന് ഇത്. സാമൂഹിക അകലം പാലിച്ച് ആയിരുന്നു സാൽസ്ബർഗിന് കിരീടം സമ്മാനിച്ചത്. ലീഗ് ജയം കൂടി ലക്ഷ്യം വക്കുന്ന സാൽസ്ബർഗ് നിലവിൽ ലീഗിൽ മുന്നിലാണ്. അടുത്ത ആഴ്ചയാണ് ഓസ്ട്രിയൻ ബുണ്ടസ് ലീഗ പുനരാരംഭിക്കുക.