ഭാവിയെ കുറിച്ചു തീരുമാനിച്ചിട്ടില്ല, ദേശിയ ടീമിലെ പ്രകടനം നിർണായകം : റാബിയോ

യുവന്റസുമായുള്ള കരാർ നിലവിലെ സീസണോടെ അവസാനിക്കാൻ ഇരിക്കെ ഭാവിയെ കുറിച്ചു പ്രതികരിച്ച് അഡ്രിയെൻ റാബിയോട്ട്. ഇറ്റാലിയൻ മാധ്യമമായ ലാ റിപ്പബ്ലികയുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്റെ ഭാവിയെ കുറിച്ചു ഇതുവരെ തീരുമാനം ഒന്നും എടുത്തിട്ടില്ലെന്ന് ഫ്രഞ്ച് താരം പറഞ്ഞു. “യുവന്റസിൽ തുടരുമോ അതോ പുതിയ തട്ടകം തേടുമോ എന്ന് ഇപ്പോഴും ഉറപ്പില്ല, അതിനെ കുറിച്ചു ചിന്തിക്കാനുള്ള സമയം അല്ല ഇപ്പോൾ.” താരം പറഞ്ഞു.

അതേ സമയം നിലവിൽ ഫ്രഞ്ച് ടീമിനോടൊപ്പമുള്ള പ്രകടനം നിർണായകമാകും എന്നും റാബിയോട്ട് ചൂണ്ടിക്കാണിച്ചു. യുവന്റസ് പുതിയ കരാർ നൽകാൻ ആണെങ്കിലും പുതിയ ക്ലബ്ബിലേക്ക് ചേക്കേറാൻ ആണെങ്കിലും ഖത്തറിലെ പ്രകടനത്തിന് സ്വാധീനം ഉണ്ടാകും എന്നാണ് താരം വിലയിരുത്തുന്നത്. പോഗ്ബ, കാൻറെ എന്നിവരുടെ അഭാവത്തിൽ റാബിയോട്ട് ആണ് നിലവിലെ ഫ്രഞ്ച് മധ്യനിരയുടെ കടിഞ്ഞാണെന്തുന്നത്.

ആദ്യ മത്സരത്തിൽ മികച്ച പ്രകടനവും താരം പുറത്തെടുത്തു. വമ്പൻ താരങ്ങളുടെ അഭാവം ഉണ്ടെങ്കിലും തങ്ങളെ ഒരിക്കലും എഴുതി തള്ളാൻ കഴിയില്ലെന്ന് ആദ്യ മത്സരത്തിലൂടെ തെളിയിച്ചു എന്നും റാബിയോട്ട് അഭിപ്രായപ്പെട്ടു.