എറിക് ടെൻ ഹാഗിന്റെ അയാക്‌സിനെ തോൽപ്പിച്ചു പി.എസ്.വി ഡച്ച് കപ്പ് കിരീടം നേടി

Wasim Akram

ഡച്ച് കപ്പ് കിരീടം പി.എസ്.വി ഐന്തോവന്. ഫൈനലിൽ എറിക് ടെൻ ഹാഗിന്റെ അയാക്‌സിനെ പിറകിൽ നിന്നു വന്ന് തോൽപ്പിച്ചു ആണ് അവർ കിരീടം ഉയർത്തിയത്. പരിശീലകനും പ്രമുഖ താരങ്ങളും ക്ലബ് വിടും എന്ന വാർത്തകൾക്ക് ഇടയിൽ ആണ് അയാക്‌സ് മത്സരത്തിനു ഇറങ്ങിയത്. മത്സരത്തിൽ പി.എസ്.വി ആണ് കൂടുതൽ മികച്ചു നിന്നത്. എന്നാൽ 23 മത്തെ മിനിറ്റിൽ അയാക്‌സ് മുന്നിലെത്തി. അടുത്ത സീസണിൽ ബയേണിൽ എത്തും എന്നു കരുതുന്ന ഡച്ച് താരം റയാൻ ഗരവെൻബെർച് ആണ് അയാക്സിന്റെ ഗോൾ നേടിയത്.

20220418 022336

എന്നാൽ രണ്ടാം പകുതിയുടെ തുടക്കത്തിൽ 2 ഗോൾ തിരിച്ചടിച്ച പി.എസ്.വി കിരീടം ഉയർത്തുക ആയിരുന്നു. 48 മത്തെ മിനിറ്റിൽ മെക്സിക്കൻ താരം എറിക് ഗുട്ടിയെരസ് സമനില ഗോൾ നേടിയപ്പോൾ 2 മിനിറ്റുകൾക്ക് അകം ഡച്ച് താരം കോഡി ഗാപ്കോ അവരുടെ വിജയ ഗോൾ കണ്ടത്തുക ആയിരുന്നു. അടുത്ത സീസണിൽ ബെൻഫിക പരിശീലകൻ ആവുന്ന റോജർ ഷിമിറ്റിന് ഈ കിരീടം യാത്രയയപ്പ് കൂടിയാണ്. യുഫേഫ കോൺഫറൻസ് ലീഗിൽ നിന്നു സെമി കാണാതെ പുറത്തായ പി.എസ്.വിക്ക് ഈ നേട്ടം ആശ്വാസം കൂടിയാണ്. അടുത്ത സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ആവുന്ന എറിക് ടെൻ ഹാഗിന് കപ്പ് നേട്ടത്തോടെ അയാക്‌സ് വിടാം എന്ന മോഹം ഇതോടെ പൊലിഞ്ഞു.