പോരാട്ടവീര്യം സമ്മതിക്കണം!! സെവിയ്യക്ക് എതിരെ 2 ഗോൾ പിറകിൽ നിന്ന ശേഷം റയൽ മാഡ്രിഡിന്റെ തിരിച്ചുവരവ്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ലാലിഗ കിരീട പോരാട്ടത്തിൽ ലക്ഷ്യത്തിലേക്ക് അടുക്കുന്ന റയൽ മാഡ്രിഡിന് ഒരു ഗംഭീര വിജയം. ഇന്ന് സെവിയ്യക്ക് എതിരെ രണ്ടു ഗോളുകൾക്ക് പിറകിൽ നിന്ന ശേഷം തിരിച്ചടിച്ചാണ് 3-2ന്റെ വിജയം റയൽ മാഡ്രിഡ് സ്വന്തമാക്കിയത്.

ഇന്ന് എവേ മത്സരത്തിൽ ആദ്യ പകുതിയിൽ 25 മിനുട്ടുകളിൽ തന്നെ റയൽ മാഡ്രിഡ് രണ്ട് ഗോളുകൾക്ക് പിറകിൽ പോയി. 21ആം മിനുട്ടിൽ ലഭിച്ച ഫ്രീകിക്കിൽ നിന്ന് മുൻ ബാഴ്സലോണ താരം കൂടിയായ ഇവാൻ റാകിറ്റിച് ആണ് സെവിയ്യയുടെ ആദ്യ ഗോൾ നേടിയത്.
20220418 013806
ഇതിനു പിന്നാലെ 25ആം മിനുട്ടിൽ ഒരു അറ്റാക്കിന് ഒടുവിൽ ലമേല ലീഡ് ഇരട്ടിയക്കി. കൊറോണയിൽ നിന്ന് പന്ത് ലമേലയിൽ എത്തുമ്പോൾ റയൽ മാഡ്രിഡ് ഗോൾ പോസ്റ്റ് ഒഴിഞ്ഞു കിടക്കുക ആയിരുന്നു. താരം ലക്ഷ്യം തെറ്റാതെ പന്ത് ലക്ഷ്യത്തിൽ എത്തിച്ചു. ആദ്യ പകുതി 2-0ന്റെ ലീഡിൽ സെവിയ്യ അവസാനിപ്പിച്ചു.

രണ്ടാം പകുതിയിൽ സബ്ബായി റോഡ്രിഗോ എത്തി. റോഡ്രിഗോ അഞ്ചു മിനുട്ടിനകം ഗോളടിച്ച് റയലിനെ കളിയിലേക്ക് തിരികെ കൊണ്ടു വന്നു. കാർവഹാലിന്റെ പാസിൽ നിന്നായിരുന്നു റോഡ്രിഗോയുടെ ഗോൾ. 75ആം മിനുട്ടിൽ വിനീഷ്യസിലൂടെ റയൽ രണ്ടാം ഗോൾ നേടി എങ്കിലും റഫറി വിവാദ തീരുമാനത്തിലൂടെ ഗോൾ നിഷേധിച്ചു. വിനീഷ്യസിന്റെ കയ്യിൽ പന്ത് തട്ടി എന്നാണ് റഫറി കണ്ടെത്തിയത് എങ്കിലും റീപ്ലേകളിൽ അത് വ്യക്തമായിരുന്നില്ല. ഈ വിധി റയലിന് തിരിച്ചടി ആവുകയും ചെയ്തു.

പക്ഷെ ആ വിധിയിൽ പതറാതെ റയൽ 82ആം മിനുട്ടിൽ സമനില ഗോൾ കണ്ടെത്തി. കർവഹാൽ നൽകിയ പാസ് നാചോ ആണ് പന്ത് വലയിൽ എത്തിച്ചത്. നാചോ സബ്ബായി എത്തിയ ശേഷമുള്ള ആദ്യ ടച്ചായിരുന്നു ഇത്. പിന്നീട് വിജയ ഗോളിനായുള്ള പോരാട്ടം. ഇഞ്ച്വറി ടൈമിൽ വിനീഷ്യസ് ബോക്സിൽ നിന്ന് ഒരു അത്ഭുത പാസിലൂടെ റോഡ്രിഗോയെ കണ്ടെത്തി. റോഡ്രിഗോ പന്ത് ബെൻസീമയിൽ എത്തിച്ചു. പിന്നെ എന്താകുമെന്നും എന്തായെന്നും എല്ലാവർക്കും വ്യക്തം. റയലിന്റെ വിജയം ഉറപ്പായി.

ഈ ജയത്തോടെ റയൽ മാഡ്രിഡിന് 32 മത്സരങ്ങളിൽ നിന്ന് 75 പോയിന്റിൽ നിൽക്കുകയാണ്. മൂന്നാമതുള്ള സെവിയ്യക്ക് 32 മത്സരങ്ങളിൽ നിന്ന് 60 പോയിന്റാണ് ഉള്ളത്. രണ്ടാമതുള്ള ബാഴ്സക്ക് 60 പോയിന്റുണ്ട്. ബാഴ്സലോണ രണ്ട് മത്സരം കുറവാണ് കളിച്ചത്‌.