ഹൈദരാബാദ്: ആർ.ആർ കാബെൽ പ്രൈം വോളിബോൾ ലീഗ് പവേർഡ് ബൈ സ്കാപ്പിയയുടെ നാലാം സീസണിൽ തകർപ്പൻ ജയം നേടി അഹമ്മദാബാദ് ഡിഫൻഡേഴ്സ്. ആദ്യ രണ്ട് സെറ്റ് നഷ്ടമായ ശേഷം തിരിച്ചു വന്ന അഹമ്മദാബാദ്, ഡൽഹി തൂഫാൻസിനെ കീഴടക്കി. സ്കോർ: 13-15,13-15, 15-13,15-8, 18-16. ആദ്യ സെറ്റിൽ ഡൽഹിയുടെ ഹെസുസ് ചൗറിയോയുടെ മികവിൽ ഡൽഹി തുടങ്ങി. മനോഹരമായ റാലികൾ കണ്ടു. ഇതിനിടെ ചൗറിയോ, മുഹമ്മദ് ജാസിം എന്നിവരുടെ ബ്ലോക്കുകളിലൂടെ ഡൽഹി കളം പിടിക്കുകയായിരുന്നു. സൂപ്പർ സ്‌പൈക്കിലൂടെ ജാസിം ഡൽഹിക്ക് മികച്ച ലീഡും നേടി. സെർവിൽ പലതവണ പിഴവ് പറ്റിയത് അഹമ്മദാബാദിനെ ബാധിച്ചു. ബാറ്റുർ ബറ്റ്സുറിയുടെ സർവീസ് പിഴവാണ് ഡൽഹിക്ക് ആദ്യ സെറ്റ് നൽകിയത്.

രണ്ടാം സെറ്റിൽ അംഗമുത്തുവിന്റെ ഒന്നാന്തരം സ്‌പൈകുകൾ അഹമ്മദാബാദിന് പ്രതീക്ഷ നൽകി. കാർലോസ് ബെറിയോസിന്റെ സൂപ്പർ ബ്ലോക്കും അവരെ ഒപ്പമെത്തിച്ചു. നാലു പോയിന്റിന് പിന്നിൽ നിന്ന ശേഷമായിരുന്നു തിരിച്ചുവരവ്. പക്ഷേ, അനു ജെയിംസിന്റെ സോൺ ഫോറിൽ നിന്നുള്ള സ്മാഷ് ഡൽഹിയുടെ ആധിപത്യം ഉറപ്പിച്ചു. എന്നാൽ സൂപ്പർ പോയിന്റ് നേടി അഹമ്മദാബാദ് ഒപ്പമെത്തി. പിന്നാലെ ജാസിമിന്റെ മികവിൽ ഡൽഹി ലീഡ് നേടി. ഒരിക്കൽ കൂടി ജാസിം സൂപ്പർ സ്‌പൈക്ക് തൊടുത്തപ്പോൾ രണ്ടാം സെറ്റും ഡൽഹിക്ക് കിട്ടി. അംഗമുത്തുവിന്റെ സെർവ് പിഴച്ചതോടെ അഹമ്മദാബാദ് രണ്ടാം സെറ്റും അടിയറവ് വച്ചു.
മൂന്നാം സെറ്റിലും ചൗറിയോ ഡൽഹിക്ക് മിന്നുന്ന തുടക്കം നൽകി പിന്നാലെ അനു ജെയിംസിന്റെ സൂപ്പർ സെർവ് ലീഡ് ഉയർത്തി. മറുവശത്തു ഷോൺ ടി ജോണും സൂപ്പർ സെർവ് തൊടുത്തതോടെ കളി ആവേശത്തിലായി. എന്നാൽ അടുത്ത സെർവ് പുറത്തേക്കായി. ചൗറിയോ വീണ്ടും മിന്നിയതോടെ ഡൽഹി ലീഡ് സ്വന്തമാക്കി. മുഹമ്മദ് ജാസിം സൂപ്പർ സ്‌പൈക്ക് തൊടുത്ത് ഡൽഹിയുടെ മേധാവിത്തം ഉറപ്പാക്കി. പക്ഷേ ഷോൺ ടി ജോണിന്റെ ശക്തമായ സ്മാഷ് ഡൽഹിയുടെ പ്രതിരോധത്തിൽ തട്ടി പുറത്തായി.അവസാന ഘട്ടത്തിൽ ഷോണിന്റെ തകർപ്പൻ സ്മാഷിൽ സൂപ്പർ പോയിന്റ് നേടി അഹമ്മദാബാദ് തിരിച്ചു വന്നു. പിന്നാലെ അഖിന്റെ മിന്നും സ്‌പൈക്ക് അവർക്ക് സെറ്റും നൽകി.
നാലാം സെറ്റിൽ സഖ്ലൈൻ താരിഖ് മികച്ച സെർവിലൂടെ ആദ്യ പോയിന്റ് ഡൽഹിക്ക് നൽകി. ചൗറിയോ മനോഹരമായ ഫിനിഷിങ്ങിലൂടെ ലീഡുമൊരുക്കി. എതിർക്കോട്ടിൽ ഇടിമുഴക്കം നടത്തി ചൗറിയോ കളി തുടർന്നു. കാർലോസ് ബെറിയോസ് ആക്രമണത്തിൽ ചേർന്നതോടെ ഡൽഹിക്ക് താളം കിട്ടി. മറുവശത്തു ബറ്റ്സുറിയുടെ മികവിൽ അഹമ്മദാബാദ് പിടിച്ചു നിന്നു. ഷോണിന്റെ സ്മാഷ് അവരെ ഒപ്പമെത്തിച്ചു. പിന്നാലെ അഹമ്മദാബാദ് ലീഡ് ഉയർത്തി. സൂപ്പർ പോയിന്റ് പിടിച്ചു കളി 13-8 എന്ന നിലയിലേക്ക് അവർ നാലാം സെറ്റിൽ പിടി മുറുക്കി. അംഗമുത്തു തകർപ്പൻ സ്മാഷിലൂടെ സെറ്റ് അഹമ്മദാബാദിന്റെ പേരിലാക്കി.
അഞ്ചാം സെറ്റിൽ ഷോണിന്റെ അറ്റാക്കിലൂടെ അഹമ്മദാബാദ് തുടങ്ങിയെങ്കിലും അഭിനവ് നെറ്റിൽ തട്ടിയത് ഡൽഹിക്ക് പോയിന്റ് നൽകി. പക്ഷേ അനുവിന്റെ സെർവ് നെറ്റിൽ പതിച്ചു.ബറ്റ്സുറിയുടെ അറ്റാക്കിലൂടെ അഹമ്മബാദ് തിരിച്ചു വന്നു. ഇഞ്ചോടിഞ്ച് പോരാട്ടമാണ് പിന്നെ കണ്ടത്. പ്രതിരോധത്തിൽ വിള്ളലുകൾ തീർത്ത അഖിൻ അഹമ്മദാബാദിനെ മുന്നിലെത്തിച്ചു. ചൗറിയോയുടെ അറ്റാക്ക് ലക്ഷ്യം തെറ്റിയതോടെ അവർ ലീഡ് ഉയർത്തി.ജോർജ് ആന്റണിയുടെ സൂപ്പർ സെർവിലൂടെയായിരുന്നു ഡൽഹിയുടെ തിരിച്ചുവരവ്. പക്ഷേ അംഗമുത്തുവിന്റെ മിന്നും സ്‌പൈക്ക് അഹമ്മദാബാദിന് ജീവൻ നൽകി. മറുവശത്തു ഡൽഹിയും സൂപ്പർ പോയിന്റ് നേടി. ചൗറിയോയുടെ സെർവ് നെറ്റിൽ പതിച്ചതോടെ അഹമ്മദാബാദ് അടുത്തു. തുടർച്ചയായ മൂന്നു സർവീസുകൾ പാഴായി. കളി ഒപ്പത്തിനൊപ്പം മുന്നേറി. ഒടുവിൽ അഭിനവിന്റെ ബ്ലോക്കിൽ കളിയും അഹമ്മദാബാദ് സ്വന്തമാക്കി.
ഇന്ന് (ഞായർ) വൈകിട്ട് 6.30ന് കൊൽക്കത്ത തണ്ടർ ബോൾട്സും ബംഗ്ലൂരു ടോർപിഡോസും ഏറ്റുമുട്ടും. രാത്രി 8.30ന് കൊച്ചി ബ്ലൂ സ്‌പൈക്കേഴ്സും ഗോവ ഗാർഡിയൻസും കളിക്കും.