ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കഴിഞ്ഞ മത്സരത്തിൽ ആഴ്‌സണലിനോട് വഴങ്ങിയ പരാജയത്തിനു ശേഷം വിജയവഴിയിൽ തിരിച്ചെത്തി ക്രിസ്റ്റൽ പാലസ്. ബ്രന്റ്ഫോർഡിനെ എതിരില്ലാത്ത രണ്ടു ഗോളിനു തോൽപ്പിച്ച പാലസ് ലീഗിൽ ഏഴാം സ്ഥാനത്തേക്കും കയറി. മുപ്പതാം മിനിറ്റിൽ ലെർമയുടെ പാസിൽ നിന്നു മറ്റെറ്റ നേടിയ ഗോളും 51 മത്തെ മിനിറ്റിലെ കോളിൻസിന്റെ സെൽഫ് ഗോളും ആണ് പാലസിനു ജയം നൽകിയത്. ലീഗിൽ കഴിഞ്ഞ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനോട് തോൽവി വഴങ്ങിയ ബ്രൈറ്റണും ലീഗിൽ വിജയവഴിയിൽ തിരിച്ചെത്തി. ലീഡ്സിനെ എതിരില്ലാത്ത 3 ഗോളിന് ആണ് ബ്രൈറ്റൺ തകർത്തത്. ഡീഗോ ഗോമസ് ഇരട്ടഗോൾ നേടിയ മത്സരത്തിൽ ഡാനി വെൽബക്ക് ആണ് ബ്രൈറ്റണിന്റെ ഗോൾ വേട്ടക്ക് തുടക്കം കുറിച്ചത്.

അതേസമയം പത്താം ലീഗ് മത്സരത്തിലും ജയം കാണാൻ ആവാതെ വോൾവ്സ്. ഫുൾഹാമിനു എതിരെ എതിരില്ലാത്ത 3 ഗോളുകൾക്ക് ആണ് അവർ തോറ്റത്. വെറും 2 സമനിലയും ആയി ലീഗിലെ അവസാന സ്ഥാനക്കാർ ആയ വോൾവ്സ് ലീഗിൽ എട്ടാം പരാജയം ആണ് ഏറ്റുവാങ്ങിയത്. കഴിഞ്ഞ സീസണിലും ആദ്യ 10 മത്സരങ്ങളിൽ വോൾവ്സിന് ഒരു മത്സരം പോലും ജയിക്കാൻ ആയിരുന്നില്ല. ഇമ്മാനുവൽ ചുവപ്പ് കാർഡ് കണ്ടു 10 പേരായി ചുരുങ്ങിയ വോൾവ്സിന് എതിരെ റയാൻ സെസനിയോൻ, ഹാരി വിൽസൻ എന്നിവർ ആണ് ഗോൾ നേടിയത്. ഫുൾഹാമിന്റെ മൂന്നാം ഗോൾ യെർസൻ മൊസ്ക്വരയുടെ സെൽഫ് ഗോൾ ആയിരുന്നു. മോശം പ്രകടനങ്ങൾ തുടരുന്ന വോൾവ്സിന് എതിരെ നിലവിൽ ആരാധകരും വലിയ പ്രതിഷേധം ആണ് ഉയർത്തുന്നത്.














