ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ബോർൺമൗത്തിനു എതിരെ വമ്പൻ ജയവുമായി വെസ്റ്റ് ഹാം യുണൈറ്റഡ്. തരം താഴ്ത്തൽ ഭീഷണി നേരിടുന്ന ടീമുകൾ തമ്മിലുള്ള പോരാട്ടത്തിൽ യൂറോപ്പിൽ നേടിയ മികച്ച ജയത്തിന്റെ ആത്മവിശ്വാസവും ആയാണ് വെസ്റ്റ് ഹാം കളിക്കാൻ ഇറങ്ങിയത്. എതിരാളികളുടെ മൈതാനത്ത് കളി തുടങ്ങി അഞ്ചാം മിനിറ്റിൽ തന്നെ അവർ മുന്നിൽ എത്തി. ആരോൺ ക്രസ്വലിന്റെ ക്രോസിൽ നിന്നു ബുള്ളറ്റ് ഹെഡറിലൂടെ മിഖേൽ അന്റോണിയോ ആണ് ഹാമേഴ്സിന്റെ ആദ്യ ഗോൾ നേടിയത്. തുടർന്ന് 12 മത്തെ മിനിറ്റിൽ കൗഫലിന്റെ ക്രോസിൽ നിന്നു മറ്റൊരു ഹെഡറിലൂടെ കളം നിറഞ്ഞു കളിച്ച ബ്രസീലിയൻ താരം ലൂകാസ് പക്വറ്റ വെസ്റ്റ് ഹാമിനു രണ്ടാം ഗോൾ സമ്മാനിച്ചു.
43 മത്തെ മിനിറ്റിൽ കോർണറിൽ നിന്നു ലഭിച്ച അവസരം ലക്ഷ്യത്തിൽ എത്തിച്ച ക്യാപ്റ്റൻ ഡക്ലൻ റൈസ് ഹാമേഴ്സിന്റെ ജയം ആദ്യ പകുതിയിൽ തന്നെ ഉറപ്പിച്ചു. പന്ത് കൈവശം വക്കുന്നതിൽ ആധിപത്യം കാണിച്ച ആതിഥേയർക്ക് പക്ഷെ അവസരങ്ങൾ മുതലെടുക്കാൻ ആയില്ല. 72 മത്തെ മിനിറ്റിൽ റൈസിന്റെ പാസ് സ്വീകരിച്ചു മുന്നേറിയ ജെറോഡ് ബോവന്റെ ക്രോസിൽ നിന്നു സ്കോർപ്പിയൻ കിക്കിലൂടെ ഗോൾ കണ്ടത്തിയ പകരക്കാരനായി ഇറങ്ങിയ പാബ്ലോ ഫോർനാലസ് വെസ്റ്റ് ഹാം ജയം പൂർത്തിയാക്കുക ആയിരുന്നു. അവസാന നിമിഷം കോർണറ്റെ അഞ്ചാം ഗോൾ നേടിയെങ്കിലും വാർ അത് ഓഫ് സൈഡ് ആണെന്ന് വിധിച്ചു. ജയത്തോടെ 31 കളികളിൽ നിന്നു 34 പോയിന്റുകൾ ഉള്ള വെസ്റ്റ് ഹാം പതിമൂന്നാം സ്ഥാനത്തേക്ക് കയറി. അതേസമയം 32 കളികളിൽ നിന്നു 33 പോയിന്റുകൾ നേടിയ ബോർൺമൗത് 15 മത് ആണ്.