തനിക്ക് യൂറോപ്പിലെ പല ക്ലബ്ബുകളിൽ നിന്നും ഒരുപാട് ഓഫറുകൾ ഉണ്ടായിരുന്നെന്ന് കഴിഞ്ഞ ദിവസം ചെൽസിയിൽ എത്തിയ ടിമോ വെർണർ. കഴിഞ്ഞ ദിവസമാണ് ജർമൻ ടീമായ ആർ.ബി ലെയ്പ്‌സിഗിൽ നിന്ന് വെർണർ ചെൽസിയിൽ എത്തിയത്.
ഒരുപാട് ടീമുകൾ തനിക്ക് വേണ്ടി രംഗത്തുണ്ടായിരുന്നെന്നും എന്നാൽ ചെൽസിയുടെ ഓഫർ തനിക്ക് എല്ലാ താരത്തിലും മികച്ചതായി തോന്നിയെന്നും തന്റെ ഫുട്ബോളിനും കരിയറിനും അത് നല്ലതായി തോന്നിയെന്നും വെർണർ പറഞ്ഞു. ജർമനിയെക്കാൾ ഇംഗ്ലണ്ടിൽ കൂടുതൽ മത്സരങ്ങൾ ഉണ്ടെന്നും പരിശീലനം നടത്താൻ സമയം കുറവാണെന്നും എന്നാൽ തന്റെ കഴിവ് ഇംഗ്ലണ്ടിൽ തെളിയിക്കണമെന്നും താരം പറഞ്ഞു.
ചെൽസിയുമായി കരാർ ഉറപ്പിക്കുന്നതിന് മുൻപ് വെർണർക്ക് വേണ്ടി മാഞ്ചസ്റ്റർ യുണൈറ്റഡ്, ലിവർപൂൾ, ഇന്റർ മിലൻ എന്നീ ടീമുകൾ രംഗത്തുണ്ടായിരുന്നെന്ന് വാർത്തകൾ ഉണ്ടായിരുന്നു. താരത്തെ സ്വന്തമാക്കാൻ ലിവർപൂൾ ഏറെ മുൻപന്തിയിൽ ഉണ്ടെന്നും വാർത്തകൾ വന്നിരുന്നു. എന്നാൽ 54 മില്യൺ പൗണ്ട് നൽകി ചെൽസി താരത്തെ സ്വന്തമാക്കുകയായിരുന്നു.