വാട്ട്ഫോഡിനെ സ്വന്തം മൈതാനത്ത് മറികടന്ന് മാഞ്ചസ്റ്റർ സിറ്റി വീണ്ടും വിജയ വഴിയിൽ തിരിച്ചെത്തി. 3-1 നാണ് പെപ്പ് ഗാർഡിയോളയുടെ ടീം മാർക്കോസ് സിൽവയുടെ ടീമിനെ മറികടന്നത്. സിറ്റിക്കായി സ്റ്റെർലിങ്, അഗ്യൂറോ എന്നിവർ ഗോൾ നേടിയപ്പോൾ ഒരു ഗോൾ വാട്ട്ഫോർഡ് താരം ക്രിസ്റ്റിയൻ കബസെലെയുടെ സെൽഫ് ഗോളായിരുന്നു. ആന്ദ്രെ ഗ്രെയാണ് വാട്ട്ഫോഡിന്റെ ഏക ഗോൾ നേടിയത്. ജയത്തോടെ സിറ്റിക്ക് 62 പോയിന്റായി. രണ്ടാം സ്ഥാനത്തുള്ള യുനൈറ്റഡിനേക്കാൾ 15 പോയിന്റ് മുൻപിലാണ് അവർ.
സിറ്റി നിരയിലേക്ക് ജോണ് സ്റ്റോൻസ്, ഡേവിഡ് സിൽവ എന്നിവർ മടങ്ങിയെത്തിയ മത്സരത്തിൽ പരിക്ക് കാരണം കളിക്കില്ല എന്ന് പ്രതീക്ഷിച്ചിരുന്ന കെവിൻ ഡു ബ്രെയ്‌നയും ടീമിൽ ഇടം കണ്ടെത്തി. മാഞ്ചസ്റ്റർ സിറ്റിയെ പോലൊരു ടീമിനെ നേരിടുമ്പോൾ പാലിക്കേണ്ട പ്രതിരോധത്തിലെ മികവ് പുലർത്താതിരുന്നതാണ് വാട്ട്ഫോഡിന് മത്സരത്തിൽ വിനയായത്. ആദ്യ മിനുട്ടിൽ തന്നെ സാനെയുടെ ഗോളിൽ മുന്നിലെത്തിയ സിറ്റി 13 ആം മിനുട്ടിൽ കബസെലെയുടെ സെൽഫ് ഗോളിൽ ലീഡ് രണ്ടാക്കി ഉയർത്തുകയായിരുന്നു. 63 ആം മിനുട്ടിൽ ഡു ബ്രെയ്‌നയുടെ പാസ്സ് കയ്യിൽ ഒതുക്കുന്നതിൽ വാട്ട്ഫോർഡ് ഗോളി ഗോമസിന് പിഴച്ച അവസരം മുതലാക്കി അഗ്യൂറോ സിറ്റിയുടെ മൂന്നാം ഗോളും നേടി. 81 ആം മിനുട്ടിൽ ആന്ദ്രെ ഗ്രേ വാട്ട്ഫോർഡ് ഗോൾ കണ്ടെത്തിയെങ്കിലും സമയം ഏറെ വൈകിയിരുന്നു. പാലസിനോട് സമനില വഴങ്ങിയ ശേഷം വീണ്ടും വിജയ വഴിയിൽ തിരിച്ചെത്താനായത് സിറ്റിക്ക് ആത്മവിശ്വാസമാവും.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial