സ്പർസിന് ജയം, ആൻഡി കാരോൾ വെസ്റ്റ് ഹാമിനെ രക്ഷിച്ചു

noufal

Download the Fanport app now!
Appstore Badge
Google Play Badge 1

സ്വാൻസിയെ അവരുടെ മൈതാനത്ത് എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് കീഴ്പ്പെടുത്തി ടോട്ടൻഹാം പ്രീമിയർ ലീഗ് പോയിന്റ് പട്ടികയിൽ ആഴ്സണലിനെ മറികടന്ന് അഞ്ചാം സ്ഥാനത്തെത്തി. മുൻ സ്വാൻസി താരം കൂടിയായ യോറെന്റെ, ഡലെ അലി എന്നിവരാണ് സ്പർസിനായി ഗോളുകൾ നേടിയത്. ഇന്നും തോൽവി വഴങ്ങിയ സ്വാൻസി വെറും 16 പോയിന്റുമായി അവസാന സ്ഥാനത്താണ്‌. ഇന്നലെ നടന്ന മറ്റു മത്സരങ്ങളിൽ വെസ്റ്റ് ഹാം വെസ്റ്റ് ബ്രോമിനെയും, ക്രിസ്റ്റൽ പാലസ് സൗത്താംപ്ടനെയും തോൽപിച്ചു.

ഹാരി കെയ്‌ന് പകരം യോറെന്റെക്ക് ആദ്യ ഇലവനിൽ അവസരം നൽകിയാണ് പോചെട്ടിനോ സ്പർസിനെ ഇറക്കിയത്. സ്വാൻസി നിരയിൽ റെനാറ്റോ സാഞ്ചസ് ഇത്തവണയും ആദ്യ ഇലവനിൽ ഇടം നേടി. പരിക്കേറ്റ റ്റാമി അബ്രഹാമിന് പകരം നഥാൻ ഡയറാണ് ആയുവിനൊപ്പം സ്വാൻസി ആക്രമണ നിരയിൽ ഇറങ്ങിയത്. 5 ഡിഫണ്ടർമാരെ നിർത്തിയെങ്കിലും 12 ആം മിനുട്ടിൽ തന്നെ സ്വാൻസി ആദ്യ ഗോൾ വഴങ്ങി. എറിക്സന്റെ ഫ്രീകിക്ക് ഹെഡറിലൂടെയാണ് യോറെന്റെ സ്വാൻസി വലയിലാക്കിയത്. രണ്ടാം പകുതിയിൽ അലിയും ഗോൾ നേടിയതോടെ പുതിയ സ്വാൻസി പരിശീലകൻ കാർലോസ് കാർവഹാൽ തന്റെ രണ്ടാം മത്സരത്തിൽ തന്നെ ആദ്യ തോൽവി ഏറ്റുവാങ്ങി.

ആൻഡി കാരോളിന്റെ 94 ആം മിനുട്ടിലെ വിജയ ഗോളാണ് വെസ്റ്റ് ഹാമിനെ രക്ഷിച്ചത്‌. ജെയിംസ് മക്ളീന്റെ ഗോളിൽ വെസ്റ്റ് ബ്രോം ആദ്യ പകുതിയിൽ ലീഡ് നേടിയെങ്കിലും 59 ആം മിനുട്ടിൽ കാരോൾ സമനില ഗോൾ നേടി. മത്സരം സമനിലയിൽ അവസാനിക്കും എന്ന ഘട്ടത്തിൽ അനാടോവിച്ചിന്റെ പാസ്സ് മികച്ച ഫിനിഷിൽ ഗോളാക്കി കാരോൾ ലണ്ടൻ സ്റ്റേഡിയത്തിൽ വെസ്റ്റ് ഹാമിന് വിജയം സമ്മാനിക്കുകയായിരുന്നു. ജയത്തോടെ 21 പോയിന്റുമായി വെസ്റ്റ് ഹാം 16 ആം സ്ഥാനത്താണ്‌. 16 പോയിന്റുള്ള വെസ്റ്റ് ബ്രോം 19 ആം സ്ഥാനത്താണ്‌.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial