പ്രീമിയർ ലീഗിലെ മികച്ച ഫോം തുടരുകയാണ് സൗതാമ്പ്ടൺ. ഇന്ന് ആസ്റ്റൺ വില്ലയെ നേരിട്ട സൗതാമ്പ്ടൺ ആവേശകരമായ മത്സരത്തിൽ വിജയം നേടി. മൂന്നിനെതിരെ നാലു ഗോളുകൾക്കായിരുന്നു സൗതാപ്ടന്റെ വിജയം. ഒരു ഘട്ടത്തിൽ എതിരില്ലാത്ത നാലു ഗോളുകൾക്ക് മുന്നിലായിരുന്ന സൗതാമ്പ്ടണ് അവസാന നിമിഷങ്ങളിൽ വൻ തിരിച്ചടി തന്നെ ആസ്റ്റൺ വില്ല നൽകി. പക്ഷെ വിജയം മാത്രം തടയാൻ ആയില്ല.
ഇന്ന് സൗതാമ്പ്ടന്റെ താരമായത് ജെയിംസ് വാർഡ് പ്രോസാണ്. താരത്തിന്റെ മൂന്ന് ഫ്രീകിക്കുകളാണ്. 20ആം മിനുട്ടിൽ വാർഡ് പ്രോസ് എടുത്ത ഫ്രീകിക്കിൽ നിന്ന് വെസ്റ്റ്ഗാർഡ് കളിയിലെ ആദ്യ ഗോൾ കണ്ടെത്തി. പിന്നെ 33ആം മിനുട്ടിലും 45ആം മിനുട്ടിലും വാർഡ് പ്രോസ് നേരിട്ട് തന്നെ ഫ്രീകിക്ക് ഗോളാക്കി മാറ്റി. 2015ൽ എറിക്സൺ ഇരട്ട ഫ്രീകിക്ക് നേടിയ ശേഷം ആദ്യമായാണ് പ്രീമിയർ ലീഗിൽ ഒരു താരം ഒരു മത്സരത്തിൽ രണ്ട് ഫ്രീകിക്കുകൾ ലക്ഷ്യത്തിൽ എത്തിക്കുന്നത്.
രണ്ടാം പകുതിയിൽ ഇങ്സിലൂടെ 58ആം മിനുട്ടിൽ സൗതാപ്ടൺ അവരുടെ നാലാം ഗോളും നേടി. അതിനു ശേഷം മാത്രമാണ് ആസ്റ്റൺ വില്ല തിരിച്ചടി തുടങ്ങിയത്. 62ആം മിനുട്ടിൽ മിങ്സിലൂടെ വില്ലയുടെ ആദ്യ ഗോൾ വന്നു. മത്സരത്തിന്റെ ഇഞ്ച്വറി ടൈമിലാണ് വില്ലയുടെ ബാക്കി രണ്ട് ഗോളുകൾ വന്നത്. വാറ്റ്കിൻസിന്റെയും ഗ്രീലിഷിന്റെയും വകയായിയിരുന്നു വില്ലയുടെ ഗോളുകൾ. ഈ വിജയത്തോടെ 13 പോയിന്റുമായി സൗതാമ്പ്ടൺ ലീഗിൽ മൂന്നാം സ്ഥാനത്ത് എത്തി.