പ്രീമിയർ ലീഗിൽ ആസ്റ്റൺ വില്ലയ്ക്ക് ചെറുതായൊന്ന് ആശ്വസിക്കാം. ലീഗിൽ ഒരു മത്സരം മാത്രം ബാക്കി നിൽക്കെ അവർ റിലഗേഷൻ സോണിന് പുറത്ത് കടന്നിരിക്കുകയാണ്. അതും ആഴ്സണൽ എന്ന വമ്പന്മാരെ വീഴ്ത്തിക്കൊണ്ട്. അവസാന മത്സരങ്ങളിൽ ലിവർപൂളിനെയും മാഞ്ചസ്റ്റർ സിറ്റിയെയും തോൽപ്പിച്ച് എത്തിയ അർട്ടേറ്റയുടെ ടീം ഇന്ന് ആസ്റ്റൺ വില്ലയ്ക്ക് മുന്നിൽ പതറുകയായിരുന്നു.
ആദ്യ പകുതിയിൽ ട്രെസഗെ നേടിയ മികച്ച ഗോളാണ് ആസ്റ്റൺ വില്ലയ്ക്ക് വിജയം നൽകിയത്. കോർണറിൽ നിന്നായിരുന്നു ട്രെസെഗയുടെ ഫിനിഷ്. താരം അവസാന മൂന്ന് പ്രീമിയർ ലീഗ് മത്സരങ്ങളിൽ നിന്നായി മൂന്ന് ഗോളുകൾ നേടി. ഈ ജയത്തോടെ ആസ്റ്റൺ വില്ല 34 പോയന്റിൽ എത്തി. 17ആം സ്ഥാനത്താണ് വില്ല ഇപ്പോൾ ഉള്ളത്. 18ആം സ്ഥാനത്തുള്ള വാറ്റ്ഫോർഫിനും 34 പോയന്റാണ്. പക്ഷെ മെച്ചപ്പെട്ട ഗോൾ ശരാശരി വില്ലയെ മുന്നിലാക്കി. വാറ്റ്ഫോർഡ്, വില്ല എന്നിവർക്ക് പുറമെ 31 പോയന്റുള്ള ബോണ്മതിനും ലീഗിലെ അവസാന മത്സരം വരെ റിലഗേഷൻ ഒഴിവാക്കാമെന്ന പ്രതീക്ഷ ഇപ്പോഴും ഉണ്ട്.53 പോയന്റുള്ള ആഴ്സണൽ 10ആം സ്ഥാനത്താണ് ഉള്ളത്.