പ്രീമിയർ ലീഗിൽ അത്ഭുത തുടക്കം നേടി ശ്രദ്ധ നേടിയ ആസ്റ്റൺ വില്ലക്ക് ഇന്ന് ലീഗിലെ മൂന്നാമത്തെ തോൽവി. ബ്രയ്റ്റനോട് 1-2 എന്ന സ്കോറിനാണ് അവർ തോൽവി വഴങ്ങിയത്.
അവസാന കളിയിൽ ആഴ്സണലിനെ വീഴ്ത്തി എത്തിയ വില്ലക്ക് പക്ഷെ ഇത്തവണ കാര്യമായി നേട്ടം കൊയ്യാനായില്ല. സ്വന്തം മൈതാനത്ത് അവർ കളിയുടെ 12 ആം മിനുട്ടിൽ തന്നെ ഗോൾ വഴങ്ങി. ഡാനി വെൽബക്ക് ആണ് ഗോൾ നേടിയത്. എന്നാൽ രണ്ടാം പകുതിയിൽ തുടക്കത്തിൽ തന്നെ കോൻസയുടെ ഗോളിൽ വില്ല സമനില പിടിച്ചു. പക്ഷെ ഏറെ വൈകാതെ സോളി മാർച്ചിന്റെ ഗോളിൽ ബ്രയ്റ്റൻ ലീഡ് പുനസ്ഥാപിച്ചു. കളി തീരുന്നതിന് തൊട്ട് മുൻപ് വില്ലക്ക് അനുകൂലമായി പെനാൽറ്റി റഫറി നൽകിയിരുന്നു എങ്കിലും VAR അത് നിഷേധിച്ചതോടെ വില്ല സീസണിലെ മൂന്നാം തോൽവി ഉറപ്പിച്ചു. ഡിഫണ്ടർ താരിഖ് ലാംപ്റ്റി ചുവപ്പ് കാർഡ് കണ്ടു പുറത്തായത് ജയത്തിലും ബ്രയ്റ്റണ് തിരിച്ചടിയായി.