ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആസ്റ്റൺ വില്ലയുടെ കുതിപ്പിനും വാറ്റ്കിൻസിന്റെ ഗോളടി മികവിനും തടയിട്ടു ബ്രന്റ്ഫോർഡ്. മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോളുകൾ വീതം അടിച്ചു സമനില പാലിക്കുക ആയിരുന്നു. തുടർച്ചയായ 6 എവേ മത്സരങ്ങളിൽ ഗോൾ അടിച്ച വാറ്റ്കിൻസിന് ഇന്ന് ഗോൾ കണ്ടത്താൻ ആയില്ല. മത്സരത്തിൽ ബ്രന്റ്ഫോർഡ് ആണ് മികച്ചു നിന്നത് ഇടക്ക് ഐവാൻ ടോണിയുടെ ഷോട്ട് പോയിന്റ് ബ്ളാങ്കിൽ ആണ് എമിലിയാനോ മാർട്ടിനസ് രക്ഷിച്ചത്. ഇടക്ക് കൗണ്ടർ അറ്റാക്കിൽ വില്ല എതിർ പ്രതിരോധവും പരീക്ഷിച്ചു. ആദ്യ പകുതിക്ക് ശേഷം എമി മാർട്ടിനസിനെ വില്ല പിൻവലിച്ചു. തുടർന്ന് റോബിൻ ഓൽസൻ ആണ് വില്ല വല കാത്തത്.
മത്സരത്തിൽ 65 മത്തെ മിനിറ്റിൽ ബ്രന്റ്ഫോർഡ് അർഹിച്ച ഗോൾ നേടി. ബ്രയാന്റെ പാസിൽ നിന്നു ടോണി ആണ് അവരുടെ ഗോൾ നേടിയത്. സീസണിൽ താരത്തിന്റെ 19 മത്തെ ലീഗ് ഗോൾ ആയിരുന്നു ഇത്. തുടർന്ന് കളി പതുക്കെ ആക്കിയ ബ്രന്റ്ഫോർഡ് അതിനുള്ള വില നൽകേണ്ടി വന്നു. 87 മത്തെ മിനിറ്റിൽ പന്ത് ക്ലിയർ ചെയ്യാൻ മീക്ക് ആവതിരുന്നതോടെ അർജന്റീനൻ താരം എമി ബുയെണ്ടിയുടെ പാസിൽ നിന്നു ബ്രസീലിയൻ താരം ഡഗ്ലസ് ലൂയിസ് വില്ലക്ക് സമനില സമ്മാനിച്ചു. തുടർന്ന് ജയത്തിനു ആയി ഇരു ടീമുകളും ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. നിലവിൽ വില്ല ലീഗിൽ ആറാം സ്ഥാനത്തും ബ്രന്റ്ഫോർഡ് പത്താം സ്ഥാനത്തും നിൽക്കുക ആണ്.