ഉനയ് എമറെ മാജിക് തുടരുന്നു, ജയവുമായി ആസ്റ്റൺ വില്ല അഞ്ചാം സ്ഥാനത്ത്

Wasim Akram

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഉനയ് എമറെക്ക് കീഴിൽ ആസ്റ്റൺ വില്ലയുടെ വിപ്ലവം തുടരുന്നു. ഇന്ന് നടന്ന മത്സരത്തിൽ ഫുൾഹാമിനെ എതിരില്ലാത്ത ഒരു ഗോളിന് മറികടന്ന വില്ല 33 കളികളിൽ നിന്നു 54 പോയിന്റുകളും ആയി ടോട്ടനത്തെ മറികടന്നു അഞ്ചാം സ്ഥാനത്തേക്ക് കയറി. അതേസമയം ഒമ്പതാം സ്ഥാനത്ത് ആണ് ഫുൾഹാം. സ്വന്തം മൈതാനത്ത് കഴിഞ്ഞ 10 കളികളിൽ നിന്നു വില്ല നേടുന്ന എട്ടാം ജയം ആണ് ഇത്.

ആസ്റ്റൺ വില്ല

എമറെക്ക് കീഴിൽ മികച്ച രീതിയിൽ കളിക്കുന്ന വില്ലക്ക് ആയി ഇന്ന് 21 മത്തെ മിനിറ്റിൽ പ്രതിരോധതാരം ടൈറോൻ മിങ്സ് ആണ് ഗോൾ നേടിയത്. ജോൺ മക്വിന്റെ കോർണറിൽ നിന്നു മികച്ച ഹെഡറിലൂടെ ആണ് ഇംഗ്ലീഷ് താരം ഗോൾ നേടിയത്. മത്സരത്തിൽ മികച്ചു നിന്ന വില്ല ഫുൾഹാമിനു വലിയ ഒരവസരവും നൽകിയില്ല, എമി മാർട്ടിനസിനെ ഒന്നു പരീക്ഷിക്കാൻ പോലും അവർക്ക് ആയില്ല. മത്സരത്തിൽ ഒരു ഷോട്ട് മാത്രമാണ് ഫുൾഹാം ഉതിർത്തത്. രണ്ടാം പകുതിയിൽ ഫുൾഹാം വല കുലുക്കിയെങ്കിലും അത് ഓഫ് സൈഡ് ആവുക ആയിരുന്നു.