വാൻ ഡെ ബീകിനെ പകരക്കാരനായി ഇറക്കിയതിനെതിരെ മാഞ്ചസ്റ്റർ യൂണൈറ്റഡിനെതിരെ വിമർശനവുമായി താരത്തിന്റെ ഏജന്റ് സാക് സ്വാർട്ട്. ഈ ട്രാൻസ്ഫർ വിൻഡോയിലാണ് അയാക്സിൽ നിന്ന് അഞ്ച് വർഷത്തെ കരാറിൽ വാൻ ഡെ ബീക് മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തുന്നത്. എന്നാൽ പ്രീമിയർ ലീഗിൽ ഇതുവരെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ രണ്ട് മത്സരങ്ങളിൽ നിന്ന് വെറും 24 മിനിറ്റ് മാത്രമാണ് വാൻ ഡെ ബീക് കളിക്കാൻ ഇറങ്ങിയത്.
അതെ സമയം 24 മിനിറ്റ് മാത്രമാണ് താരം കളിച്ചതെങ്കിലും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ രണ്ട് മത്സരങ്ങളിലും നിർണ്ണായക പ്രകടനം നടത്താൻ വാൻ ഡെ ബീകിനായിരുന്നു. ആദ്യ മത്സരത്തിൽ ക്രിസ്റ്റൽ പാലസിനെതിരെ ഗോൾ നേടിയ വാൻ ഡെ ബീക് ബ്രൈറ്റനെതിരായ രണ്ടാം മത്സരത്തിൽ നിർണ്ണായകമായ പെനാൽറ്റി മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി നേടി കൊടുക്കുകയും ചെയ്തിരുന്നു.
മത്സരത്തിൽ നാല് മിനിറ്റ് മാത്രം ഉള്ളപ്പോൾ വാൻ ഡെ ബികിനെ പകരക്കാരനായി ഇറക്കിയതിനെയും താരത്തിന്റെ ഏജന്റ് വിമർശിച്ചു. വാൻ ഡെ ബികിനെ മത്സരം തീരാൻ നാല് മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോൾ ഇറക്കിയത് ശരിയായില്ലെന്നും താരത്തെ ബെഞ്ചിൽ തന്നെ ഇരുത്തണമായിരുന്നെന്നും താരത്തിന്റെ ഏജന്റ് പറഞ്ഞു. ബ്രൈറ്റനെതിരായ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് 7-2ന് തോൽക്കേണ്ടതായിരുന്നെന്നും ബ്രൈറ്റന്റെ ഗോൾ ശ്രമം അഞ്ച് തവണ പോസ്റ്റിൽ തട്ടിയെന്നും ഏജന്റ് പറഞ്ഞു.