ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും ജയവുമായി ന്യൂ കാസ്റ്റിൽ യുണൈറ്റഡ്. എതിരില്ലാത്ത ഒരു ഗോളിന് സ്റ്റീവൻ ജെറാർഡിന്റെ ആസ്റ്റൺ വില്ലയെ എതിരില്ലാത്ത ഒരു ഗോളിന് ആണ് ന്യൂ കാസ്റ്റിൽ മറികടന്നത്. ജനുവരിയിൽ പണം വാരിയെറിഞ്ഞു അതിശക്തരായ ന്യൂ കാസ്റ്റിൽ സെന്റ് ജെയിംസ് പാർക്കിൽ ഡാൻ ബേർണിനു പ്രതിരോധത്തിൽ അരങ്ങേറ്റം നൽകി. മത്സരത്തിൽ പന്ത് കൈവശം വക്കുന്നതിൽ വില്ല ആധിപത്യം കണ്ടെങ്കിലും വലിയ അവസരങ്ങൾ ഒന്നും തുറക്കാൻ അവർക്ക് ആയില്ല. ആദ്യ പകുതിയിൽ മുൻ ആഴ്‌സണൽ താരം ജോ വില്ലോക്കിനെ മറ്റൊരു മുൻ ആഴ്‌സണൽ താരം കലം ചേമ്പേഴ്‌സ് വീഴ്ത്തിയതിനു റഫറി പെനാൽട്ടി വിധിച്ചു എങ്കിലും വാറിലൂടെ അത് ഫ്രീകിക്ക് ആവുകയായിരുന്നു.
കഴിഞ്ഞ മത്സരത്തിൽ എവർട്ടണിനു എതിരെ ഫ്രീകിക്ക് ഗോൾ നേടിയ കിരൺ ട്രിപ്പിയർ ഇത്തവണയും തന്റെ മാജിക് ആവർത്തിച്ചു. അത്ലറ്റികോ മാഡ്രിഡിൽ നിന്നു വലിയ തുകക്ക് ന്യൂ കാസ്റ്റിലിൽ എത്തിയ ഇംഗ്ലണ്ട് താരം വിലപ്പെട്ട ഗോൾ ആണ് അവർക്ക് നേടി നൽകിയത്. സമനിലക്ക് ആയുള്ള വില്ല ശ്രമം രണ്ടാം പകുതിയിൽ 61 മത്തെ മിനിറ്റിൽ ജയം കണ്ടു എന്നു തോന്നിയെങ്കിലും ഒലെ വാകിൻസ് നേടിയ ഗോൾ വാറിലൂടെ ഓഫ് സൈഡ് വിധിക്കപ്പെട്ടു. അവസാന നിമിഷങ്ങളിൽ തങ്ങളുടെ വില കൂടിയ താരം ബ്രൂണോയെയും ന്യൂ കാസ്റ്റിൽ കളത്തിലിറക്കി. 90 മിനിറ്റിനും 7 ഇഞ്ച്വറി മിനിറ്റുകൾക്കും ശേഷം ന്യൂ കാസ്റ്റിൽ വിലപ്പെട്ട ജയം സ്വന്തമാക്കുക ആയിരുന്നു. ജയത്തോടെ അവസാന മൂന്ന് സ്ഥാനത്തിൽ നിന്നള്ള അകലം നാലു പോയിന്റ് ആക്കാൻ എഡി ഹൗവിന്റെ ടീമിന് ആയി. അതേസമയം വില്ല ലീഗിൽ 11 സ്ഥാനത്താണ്.