മുൻ വോൾവ്‌സ് പരിശീലകൻ നുനോ സാന്റോസുമായി ചർച്ചകൾ ആരംഭിച്ച് പ്രീമിയർ ലീഗ് ടീമായ ടോട്ടൻഹാം ഹോട്ട്സ്പർ. മൗറിനോയെ പരിശീലക സ്ഥാനത്ത് നിന്ന് പുറത്താക്കിയതിന് ശേഷം നിരവധി പരിശീലകരെ ക്ലബ്ബിൽ എത്തിക്കാൻ ടോട്ടൻഹാം ശ്രമിച്ചെങ്കിലും നടന്നിരുന്നില്ല. മൗറിനോയെ പുറത്താക്കിയതിന് ശേഷം റയാൻ മേസൺ ആണ് ടോട്ടൻഹാമിനെ അവസാന മത്സരങ്ങളിൽ പരിശീലിപ്പിച്ചിരുന്നത്.
തുടർന്നാണ് കഴിഞ്ഞ സീസണിന്റെ അവസാനത്തോടെ വോൾവ്‌സ് വിട്ട നുനോ സാന്റോസിനെ ക്ലബ്ബിൽ എത്തിക്കാൻ ടോട്ടൻഹാം ശ്രമങ്ങൾ ആരംഭിച്ചത്. നേരത്തെ മുൻ ഇന്റർ മിലാൻ പരിശീലകൻ അന്റോണിയോ കൊണ്ടേ, മുൻ റോമാ പരിശീലകൻ പൗളോ ഫോനെസ്ക, മുൻ ഫിയെന്റീന പരിശീലകൻ ഗട്ടൂസോ എന്നിവരെയൊക്കെ ക്ലബ്ബിൽ എത്തിക്കാൻ ശ്രമം നടത്തിയെങ്കിലും നടന്നിരുന്നില്ല. നിലവിൽ മറ്റു പ്രമുഖ പരിശീലകരുടെ അഭാവമാണ് ടോട്ടൻഹാമിനെ നുനോ സാന്റോസുമായി ചർച്ചകൾ നടത്താൻ പ്രേരിപ്പിച്ചത്. നുനോ സാന്റോസ് നേരത്തെ ക്രിസ്റ്റൽ പാലസുമായി ചർച്ചകൾ നടത്തിയെങ്കിലും പരിശീലകനായി നിയമിക്കപ്പെട്ടിരുന്നില്ല.